ന്യൂഡല്‍ഹി: കേരളത്തില്‍ പ്രതിപക്ഷം ദുര്‍ബലമാകുന്നുവെന്ന് ഹൈക്കമാന്‍ഡിന് പരാതി. സര്‍ക്കാരിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും നിര്‍ണ്ണായക വിഷയങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും പരാതിയുണ്ട്. എ ഐ ഗ്രൂപ്പുകളാണ് പരാതിക്ക് പിന്നില്‍.
കെപിസിസി നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവിന്റെയും പ്രവര്‍ത്തനത്തെ വിമര്‍ശിച്ചാണ് ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രവര്‍ത്തനമായിരിക്കും പ്രതീക്ഷിച്ചതെന്നും എന്നാല്‍ പല നിര്‍ണ്ണായ വിഷയങ്ങളിലും മൃദു സമീപനമാണ് ഉണ്ടായതെന്നുമാണ് പരാതി.
കെപിസിസി പുനസംഘടന വൈകുന്നതിലും അതൃപ്തിയുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത് കൊണ്ടാണ് ഇത് വൈകുന്നതെന്നാണ് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിന്റെ പ്രതികരണം.