പാർട്ടി പിന്തുണയോടെ പരാതി നൽകും; മേയര്‍ ആര്യാ രാജേന്ദ്രനെ പിന്തുണച്ച് സിപിഎം

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെ പിന്തുണച്ച് സിപിഎം. വ്യാജ പ്രചാരണമെന്ന് ആരോപിച്ച് മേയര്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കും. വിഷയത്തില്‍ പാര്‍ട്ടിയില്‍ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യമില്ലെന്നും വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിന് കൈമാറിയതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

‘കത്ത് എന്റെ കൈയ്യില്‍ കിട്ടിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞതാണ്. അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നാണ് ഞാന്‍ മേയറുമായി സംസാരിച്ചപ്പോഴും പറഞ്ഞത്. നിയമപരമായി നീങ്ങും. ഇന്ന് പൊലീസില്‍ പരാതി നല്‍കും. പാര്‍ട്ടിയുടെ പിന്തുണയോടെയാണ് പരാതി കൊടുക്കുന്നത്. പാര്‍ട്ടി പറയാതെ മേയര്‍ പരാതി നല്‍കില്ലല്ലോ. ആഭ്യന്തര അന്വേഷണത്തിന്റെ കാര്യമില്ല. ആളെ കണ്ടെത്തണം. വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കിയത്. മേയര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ പൂര്‍ണപിന്തുണയുണ്ടാവും. മേയര്‍ രാജിവെക്കേണ്ട കാര്യമില്ല.’ ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ 295 ഒഴിവുണ്ടെന്നും മുന്‍ഗണന ലിസ്റ്റ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അയച്ച കത്താണ് വിവാദമായത്. അതേസമയം അങ്ങനെ ഒരു കത്ത് താന്‍ നല്‍കിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രന്‍ വിശദീകരിച്ചു.

മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളി!ലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്. കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

 

 

Top