പകര്‍പ്പവകാശ നിയമ ലംഘനം നടന്നെന്ന പരാതി; പൊറാട്ട് നാടകം’ സിനിമയുടെ റിലീസിന് വിലക്ക്

സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സഫ്രോണ്‍ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടകം’ സിനിമയുടെ റിലീസിന് വിലക്ക്. പകര്‍പ്പവകാശ നിയമ ലംഘനം നടന്നെന്ന പരാതിയിലാണ് സിനിമയുടെ സെന്‍സറിങ്ങും തുടര്‍ന്നുള്ള റിലീസും എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി വിലക്കേര്‍പ്പെടുത്തിയത്. എഴുത്തുകാരനും സംവിധായകനുമായ വിവിയന്‍ രാധാകൃഷ്ണന്റെയും നിര്‍മ്മാതാവ് അഖില്‍ ദേവിന്റെയും പരാതിയിലാണ് നടപടി.

നൗഷാദ് സഫ്രോണ്‍ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേയ്ക്ക് കടന്നു. എമിറേറ്റ്‌സ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കരയും ഗായത്രി വിജയനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സംവിധായകനും എഴുത്തുകാരനുമായ വിവിയന്‍ രാധാകൃഷ്ണന്റെതാണ് യഥാര്‍ത്ഥ തിരക്കഥ എന്നാണ് അവകാശവാദം. സിനിമയാക്കുന്നതിനായി ‘ശുഭം’ എന്നു പേരിട്ടിരുന്ന തിരക്കഥ എല്‍എസ്ഡി പ്രൊഡക്ഷന്‍സ് മാനേജിങ് ഡയറക്ടര്‍ ആയ അഖില്‍ ദേവിന് വര്‍ഷങ്ങള്‍ക്കു മുന്‍േപ വിവിയന്‍ കൈമാറിയിരുന്നു. നായക വേഷം അവതരിപ്പിക്കാന്‍ അഖില്‍ ദേവിന്റെ സഹായത്തോടെ വിവിയന്‍ രാധകൃഷ്ണന്‍ നടന്‍ സൈജു കുറുപ്പിനെ സമീപിച്ചു. അദ്ദേഹത്തിന് വായിക്കാന്‍ തിരക്കഥ അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഇതേ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയാണെന്ന തരത്തില്‍ ‘പൊറാട്ട് നാടകം’ എന്ന പേരില്‍ ഇവര്‍ സിനിമയാക്കിയെന്നാണ് അഖില്‍ ദേവും വിവിയന്‍ രാധാകൃഷ്ണനും ആരോപിക്കുന്നത്.

 

Top