മാനന്തവാടിയില്‍ ഇതര ജാതിക്കാരെ വിവാഹം കഴിക്കുന്നവര്‍ക്ക് ജാതി ഭ്രഷ്ടും ഊരുവിലക്കുമെന്ന് പരാതി

വയനാട്: മാനന്തവാടിയില്‍ ജാതി ഭ്രഷ്ടും ഊരുവിലക്കുമെന്ന് പരാതി. യാദവ വിഭാഗത്തില്‍ പെട്ടവര്‍ ഇതര ജാതിക്കാരെ വിവാഹം കഴിക്കുന്നതിനെതിരെ ഭ്രഷ്ട് കല്‍പ്പിക്കുകയും കുടുംബത്തെയുള്‍പ്പെടെ ഊരുവിലക്കുന്നതായുമാണ് പരാതി. ഊരുവിലക്ക് ഏര്‍പ്പെടുത്തുന്നവര്‍ക്ക് സമുദായത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാനാകില്ല. സംഭവത്തില്‍ മാനന്തവാടി എരുമത്തെരുവ് സ്വദേശി ഗോവിന്ദരാജ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടികളോ പരിഹാരമാര്‍ഗങ്ങളോ ഉണ്ടായില്ല.

എരുമത്തെരുവിലെ യാദവ സമുദായക്കാര്‍ക്കിടയില്‍ ഭ്രഷ്ട് എന്ന ദുരാചാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഗോവിന്ദരാജ് പറയുന്നു. ഇതര ജാതിക്കാരെ വിവാഹം കഴിക്കുന്നവരെയാണ് ഭ്രഷ്ടരാക്കുന്നത്. ഭ്രഷ്ട് കല്‍പ്പിച്ചവരുടെ കുടുംബത്തിലുള്ളവര്‍ മരിച്ചാല്‍ അവരെ കാണാന്‍ അനുവദിക്കുന്നില്ലെന്നും, ഊരുവിലക്കേര്‍പ്പെടുത്തിയവര്‍ക്ക് മരണശേഷം സംസ്‌കരിക്കാന്‍ സമുദായ ശ്മശാനം അനുവദിക്കാതെ അവഗണിക്കുന്നുവെന്നുമാണ് പരാതി.

ഇതര ജാതിയില്‍ നിന്ന് വിവാഹം കഴിക്കുന്നതിനാല്‍ മാനന്തവാടി കാഞ്ചി കാമാക്ഷി മാരിയമ്മന്‍ ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍ മകന്റെ വിവാഹ സമ്മതപത്രം നിഷേധിച്ചുവെന്നും ഇതിനെ തുടര്‍ന്നാണ് മകന്‍ ഗോകുല്‍ രാജിന്റെ വിവാഹം മുടങ്ങിയതെന്നും ഗോവിന്ദരാജ് പറയുന്നു. മകന്റെ വിവാഹത്തിന്റെ സമ്മതപത്രം ലഭിച്ചാല്‍ മാത്രമേ വധുവിന്റെ ക്ഷേത്രകമ്മിറ്റി വിവാഹത്തിന് അനുവാദം നല്‍കുകയുള്ളൂ. കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും പരിഹാരമാര്‍ഗങ്ങളൊന്നുമുണ്ടായില്ല. കുടുംബത്തിന് നീതി ലഭിക്കാന്‍ മനുഷ്യാവകാശ കമ്മീഷനിലും പൊലീസിലും പരാതി നല്‍കിയിരിക്കുകയാണ് ഗോവിന്ദരാജ്.

Top