പ്രചരണങ്ങള്‍ ഇനി പരിസ്ഥിതി സൗഹൃദം; സംസ്ഥാനത്ത് ഫ്ലക്സുകള്‍ക്ക് പൂര്‍ണ നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. പ്രചരണങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും പരിസ്ഥിതി സൗഹൃദവും റീസൈക്ലിംഗ് ചെയ്യാനും കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരിപാടികള്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമാണ്.

പിവിസി ഫ്ലക്സില്‍ ഇനിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളില്‍നിന്നും ആദ്യപടിയായി പിഴയീടാക്കും. നിയമലംഘനം തുടരുകയാണെങ്കില്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. ഫ്ലക്സ് നിര്‍മ്മാണത്തിനായി തുണി, പേപ്പര്‍, പോളി എത്തിലിന്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശം. പ്രിന്റ് ചെയ്യുന്ന ഉപഭോക്താവിന്റെ പൂര്‍ണ വിവരങ്ങള്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തില്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പരിപാടി കഴിഞ്ഞാല്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ബോര്‍ഡുകള്‍ മാറ്റാത്തപക്ഷം പിഴയീടാക്കാനും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Top