തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ റവന്യൂ സാക്ഷരത ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വില്ലേജ് ഓഫീസുകളിലെ സേവനങ്ങൾ എന്തെല്ലാമാണെന്നും അവ ലഭിക്കാൻ എങ്ങനെ അപേക്ഷിക്കണമെന്നുമുള്ള കാര്യങ്ങളിൽ ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും ബോധവത്കരണം നൽകുമെന്നും മന്ത്രി പറഞ്ഞു. നെയ്യാറ്റിൻകര താലൂക്കിലെ പൂവാർ വില്ലേജ് ഓഫീസ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടമായി നിർമ്മിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തീരദേശജനതയ്ക്ക് പട്ടയങ്ങൾ ലഭ്യമാക്കാൻ തീവ്രമായി ശ്രമിക്കും. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. ഏകീകൃത തണ്ടപ്പേർ നിലവിൽ വരുന്നത്തോടെ അനധികൃതമായി കൈവശം വച്ചിരിക്കുന്ന വസ്തുക്കൾ അർഹരായവർക്ക് നൽകാൻ സാധിക്കും. ഓൺലൈൻ സംവിധാനത്തിലൂടെ എല്ലാ സേവനങ്ങളും സുതാര്യമായിട്ടുണ്ട്. ഘട്ടം ഘട്ടമായി നെയ്യാറ്റിൻകര താലൂക്കിലെ ബാക്കിയുള്ള വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്നും മന്ത്രി പറഞ്ഞു. നെയ്യാറ്റിൻകര താലൂക്കിലെ ഭൂരഹിതരായ 30 പേർക്കുള്ള പട്ടയങ്ങളും മന്ത്രി വിതരണം ചെയ്തു.