തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ സമഗ്രമായ പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകമാണ് അംഗീകരിച്ചത്. 2007 ലാണ് ഇതിന് മുന്‍പ് പാഠ്യപദ്ധതിയില്‍ സമഗ്രമായ പരിഷ്‌കരണം കൊണ്ടുവന്നത്.
പത്ത് വര്‍ഷത്തിലേറെയായി ഒരേ പാഠ്യ പദ്ധതിയാണ് പഠിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പുതിയ പാഠ്യപദ്ധതിയില്‍ എല്ലാ പുസ്തകങ്ങളിലും മലയാളം അക്ഷരമാലയുണ്ടാകും. ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് അനുസൃതമായി നവകേരള സൃഷ്ടിക്ക് ഉതകുന്ന പാഠ്യ പദ്ധതികളാണ് കരിക്കുലത്തില്‍ ഉള്ളത്. ഒന്നര വര്‍ഷത്തെ പ്രവര്‍ത്തന ഫലമായിട്ടാണ് പാഠ്യ പദ്ധതി പരിഷ്‌ക്കരിച്ചതെന്നും കുട്ടികളില്‍ നിന്നും പഞ്ചായത്ത് തലത്തിലും അഭിപ്രായം തേടിയിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
മലയാളം , ഇംഗ്ലീഷ് , കന്നഡ ഭാഷകളിലാണ് പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എല്ലാ പുസ്തകങ്ങളിലും ഭരണഘടന ആമുഖം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി തൊഴില്‍ പരിശീലനം നല്‍കും. അധ്യാപകര്‍ക്കും പുതിയ പാഠ്യപദ്ധതിയെ കുറിച്ച് പരിശീലനം നല്‍കും. അക്കാദമിക് കാര്യങ്ങളിലുണ്ടാകുന്ന ജനാധിപത്യ വിരുദ്ധ നിലപാടുകളെ തള്ളുമെന്നും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം സ്‌പെഷ്യല്‍ റൂള്‍ കൊണ്ടുവരുമെന്നും ഇതിനായി കെഇആര്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌പെഷ്യല്‍ റൂള്‍ പ്രകാരമായിരിക്കും അടുത്ത അധ്യയന വര്‍ഷം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. ഏതെങ്കിലും നിലയില്‍ ഒരു വിഭാഗത്തിനെതിരോ ജനാധിപത്യ വിരുദ്ധമോ ആണ് കേന്ദ്ര പുസ്തകമെങ്കില്‍ സ്വന്തം നിലയില്‍ പുസ്തകം തയ്യാറാക്കി പഠിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.