Compulsory license for the online agencies, taxi service

തിരുവനന്തപുരം : ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് നടത്തുന്ന ഏജന്‍സികള്‍ക്ക് സംസ്ഥാനത്ത് ലൈസന്‍സ് നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ചിരിക്കുന്നതില്‍ കൂടുതല്‍ നിരക്ക് ഈടാക്കരുതെന്നും വാങ്ങുന്ന തുകയ്ക്ക് രസീത് നല്‍കണമെന്നും ഗതാഗതകമ്മീഷണര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ടാക്‌സി സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും നിര്‍ദേശങ്ങള്‍ നടപ്പാക്കുക.

പരമ്പരാഗത ടാക്‌സിക്കാരും ഓണ്‍ലൈന്‍കാരും തമ്മില്‍ ഏറെ നാളുകളായി തുടരുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും, ഓണ്‍ലൈന്‍ ടാക്‌സികള്‍ അമിതചാര്‍ജ് ഈടാക്കുന്നുവെന്ന പരാതി പരിഹരിക്കാനുമാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദശങ്ങള്‍ കൊണ്ടുവരുന്നത്.

ഇതനുസരിച്ച് ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് നടത്തുന്ന ഏജന്‍സികള്‍ ഇനി മുതല്‍ ലൈസന്‍സെടുക്കണം.ഡിമാന്‍ഡിന് അനുസരിച്ച് നിരക്ക് കൂട്ടാന്‍ പാടില്ല.മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ച തുകയില്‍ നിന്നും അധികം തുക വാങ്ങരുത്.

എന്നാല്‍ എത്ര വേണമെങ്കിലും ഇളവ് നല്‍കാം.വാങ്ങുന്ന തുകക്ക് ഓണ്‍ലൈനായോ അല്ലാതെയോ ബില്ല് നല്‍കണം.സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളും ഡ്രൈവര്‍മാരും പൊലീസിന്റ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരടില്‍ നിര്‍ദേശിക്കുന്നു.

മഹാരാഷ്ട്ര അടക്കം മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുവന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പഠിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ആവശ്യമെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ രണ്ട് ഏജന്‍സികളിലായി പതിനായിരത്തോളം ഓണ്‍ലൈന്‍ ടാക്‌സികളാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.

Top