കംപ്യൂട്ടർ സർവർ പണിമുടക്കി: ശമ്പളം, പെൻഷൻ വിതരണം മുടങ്ങി

തിരുവനന്തപുരം: ദുഃഖവെള്ളിയാഴ്ച കാരണം അവധി ദിവസമായിട്ടും കഴിഞ്ഞ ദിവസം സംസ്ഥാനത്തെ എല്ലാ ട്രഷറികളും തുറന്നു പ്രവർത്തിച്ചെങ്കിലും ഉച്ചവരെ കംപ്യൂട്ടർ സർവർ പണിമുടക്കിയതു കാരണം ആയിരക്കണക്കിനു പേർക്ക് പെൻഷൻ വാങ്ങാനാകാതെ മടങ്ങേണ്ടി വന്നു. രാവിലെ എത്തി ഉച്ചയ്ക്ക് ഒന്നര വരെ കാത്തിരുന്നവർക്കു മാത്രമാണ് പെൻഷൻ വിതരണം ചെയ്തത്.

അവധി ഉപേക്ഷിച്ച് 2 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ ശമ്പളവും പെൻഷനും വിതരണം ചെയ്യാനും ബില്ലുകൾ പ്രോസസ് ചെയ്യാനും ജീവനക്കാർ എത്തണമെന്നും ട്രഷറി ഡയറക്ടർ കർശന നിർദേശം നൽകിയിരുന്നു. ഒരുമിച്ചു ബില്ലുകൾ എത്തുന്നതു സെർവറിനു പ്രശ്നമാകും എന്നതിനാൽ കഴിഞ്ഞ മാസം തന്നെ ബില്ലുകൾ വാങ്ങി പാസാക്കി വയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.

Top