സോളറിലെ ‘തീ’ കോൺഗ്രസ്സിലെ ഗ്രൂപ്പ് പോര് ആളിക്കത്തിക്കുമെന്ന് ആശങ്ക

സോളര്‍ കേസിലെ പുതിയ വെളിപ്പെടുത്തലില്‍ ആകെ വെട്ടിലായിരിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ശരണ്യ മനോജിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെടില്ലെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്. സത്യം പുറത്ത് വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. എന്നാല്‍ സോളാര്‍ കേസില്‍ ശരണ്യ മനോജിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ചെന്നിത്തലയെ കൂടി വെട്ടിലാക്കുന്ന നിലപാടാണ്.

ഗൂഢാലോചന സംബന്ധമായി ഒരു അന്വേഷണം വന്നാല്‍ സ്വാഭാവികമായും മറ്റു ചില കാര്യങ്ങള്‍ കൂടി അന്വേഷിക്കേണ്ടി വരും. അതില്‍ പ്രധാനം ”ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുന്‍പ് അത് പബ്ലിക്കായി പുറത്ത് വിടണമെന്ന് ”ചെന്നിത്തല പറഞ്ഞതായ ആരോപണമാണ്. സോളാര്‍ കേസില്‍ മൊഴി നല്‍കാന്‍ പോകുന്ന സമയത്ത് ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ അഭിഭാഷകന്‍ മുഖേന ഫോണിലൂടെയാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് സരിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചിരുന്നത്. ഗൂഢാലോചന അന്വേഷിക്കുമ്പോള്‍ ഇതും അന്വേഷണ സംഘത്തിന് പരിഗണിക്കേണ്ടി വരും. ഇതെല്ലാം മുന്നില്‍ കണ്ടാണ് അന്വേഷണം വേണ്ടെന്ന് ചെന്നിത്തല പറഞ്ഞിരിക്കുന്നത് എന്നു വേണം കരുതാന്‍.

സോളാര്‍ കേസില്‍ ആദ്യം സരിത നായരെ അറസ്റ്റ് ചെയ്ത ഡി.വൈ.എസ്.പിയുമായും റേഞ്ച് ഐ.ജിയുമായും ചെന്നിത്തലക്ക് അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപം കോണ്‍ഗ്രസ്സിനകത്തും ശക്തമാണ്. ‘എ’ ഗ്രൂപ്പ് നേതാക്കളാണ് ഈ ആരോപണം ഉന്നയിക്കുന്നത്. കെ.ബി.ഗണേഷ് കുമാറിനെ വില്ലനായി കാണുമ്പോള്‍ തന്നെ പാര്‍ട്ടിക്കകത്തെ ശത്രുക്കളെയും കാണാതിരിക്കാനാവില്ലെന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി അനുകൂലികള്‍. ബെന്നി ബെഹന്നാനെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തെറിപ്പിച്ചതും ഉമ്മന്‍ചാണ്ടിയുടെ തന്ത്രപരമയ നീക്കമായിരുന്നു. സോളാര്‍ കേസ് വഷളാക്കിയത് ബെന്നി ബെഹന്നാനിന്റെ ഇടപെടലാണെന്ന സംശയം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുള്‍പ്പെടെ നേരത്തെ തന്നെയുണ്ടായിരുന്നു. ബെന്നി ബെഹന്നാനിന് ചെന്നിത്തലയോടുള്ള അടുപ്പവും അദ്ദേഹത്തിന്റെ കണ്‍വീനര്‍ സ്ഥാനം തെറിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

അധികാരം കിട്ടിയാല്‍ തന്നെ ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തും ആഭ്യന്തര മന്ത്രി സ്ഥാനത്തും വാഴിക്കില്ലെന്നതാണ് ‘എ’ ഗ്രൂപ്പിന്റെ ശപഥം. ചെന്നിത്തല മുഖ്യമന്ത്രിയാകുന്നതിലും നല്ലത് യു.ഡി.എഫിന് അധികാരം കിട്ടാതിരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം വരെ ‘എ’ ഗ്രൂപ്പിലുണ്ട്. അതേസമയം ബാര്‍ കോഴ കേസില്‍ ചെന്നിത്തലക്ക് എതിരെ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിനെ സംശയത്തോടെയാണ് ചെന്നിത്തല അനുകൂലികള്‍ നോക്കി കാണുന്നത്. ഐ വിഭാഗം നേതാവായ അടൂര്‍ പ്രകാശ് എം.പിയുടെ അടുത്ത ബന്ധുവാണ് ബിജു രമേശ്. അടൂര്‍ പ്രകാശാകട്ടെ നിലവില്‍ എ ഗ്രൂപ്പുമായി ഏറെ അടുപ്പത്തിലുമാണ്. സോളാര്‍ കേസ് ‘വഷളാക്കിയതില്‍’ ഐ വിഭാഗത്തിലെ തന്നെ ഹൈബി ഈഡനും എ.പി അനില്‍കുമാറിനും കടുത്ത അതൃപ്തിയാണ് ചെന്നിത്തലയോടുള്ളത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യത്തില്‍ ചെന്നിത്തലയോട് ഇടഞ്ഞു നില്‍ക്കുന്ന മറ്റൊരു നേതാവ്. കെ.മുരളീധരനും ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനൊപ്പമാണ് ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇതെല്ലാം ചെന്നിത്തലയെ സംബന്ധിച്ച് ഐ ഗ്രൂപ്പിനുള്ളിലെ തന്നെ വെല്ലുവിളിയാണ്. എ ഗ്രൂപ്പാകട്ടെ കെട്ടുറപ്പോടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ബെന്നി ബെഹന്നാനെ അകറ്റിയ എ ഗ്രൂപ്പിനോട് പിടി തോമസ് ഇപ്പോള്‍ വീണ്ടും അടുത്തിട്ടുണ്ട്. യുവ നേതാക്കളിലും സമ്പന്നം എ ഗ്രൂപ്പ് തന്നെയാണ്. ഐ ഗ്രൂപ്പിനെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പിളര്‍ത്താനാണ് എ ഗ്രൂപ്പ് ഇപ്പോള്‍ ശ്രമിക്കുന്നത്. ചെന്നിത്തലയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണിത്.

അതേസമയം, സോളാര്‍ കേസില്‍ ഇനിയും സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്നാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിലവില്‍ പ്രതികരിച്ചിരിക്കുന്നത്. സരിതയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് കൂട്ടി ചേര്‍ത്തതാണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ അഭിപ്രായപ്രകടനം. എന്നാല്‍ എന്താണ് ഇനിയും പുറത്ത് വരാനുള്ളതെന്ന കാര്യം ഉമ്മന്‍ ചാണ്ടി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഐ ഗ്രൂപ്പിന്റെ ചങ്കിടിപ്പിക്കുന്നതും ഈ നിലപാട് തന്നെയാണ്.

Top