ദില്ലി: കൊവിഡ് പ്രതിരോധ സമഗ്രഹികളുടേയും മരുന്നുകളുടേയും സേവനത്തിന്റേയും നികുതികളില്‍ ഇളവ് വരുത്തി ജിഎസ്ടി കൗണ്‍സില്‍. കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കൊവിഡ് പ്രതിരോധ സമഗ്രഹികളുടെ നികുതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.
കൊവിഡ് പ്രതിരോധസാമഗ്രഹികളുടെ നികുതി പുനക്രമീകരിക്കുക എന്ന ഒറ്റലക്ഷ്യത്തിലാണ് ഇന്നത്തെ ജിഎസ്ടി യോഗം ചേര്‍ന്നതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
പള്‍സ് ഓക്‌സിമീറ്റര്‍, കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍, ടെസ്റ്റിംഗ് കിറ്റ് തുടങ്ങി എല്ലാ കൊവിഡ് പ്രതിരോധ സാമഗ്രികളുടേയും നികുതി കുറച്ചിട്ടുണ്ട്.
ആംബുലന്‍സിന്റെ ജിഎസ്ടി 12 ശതമാനമാക്കി കുറച്ചു. അതേസമയം കൊവിഡ് പ്രതിരോധ വാക്‌സിനുള്ള ജിഎസ്ടിയില്‍ മാറ്റമില്ല. മുന്‍നിശ്ചയിച്ച അഞ്ച് ശതമാനം നികുതി കൊവിഡ് വാക്‌സിന് നല്‍കേണ്ടി വരും.
അതേസമയം കൊവിഡ് പ്രതിരോധസാമഗ്രഹികള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി സെപ്തംബര്‍ മുപ്പത് വരെ മാത്രമായിരിക്കും ബാധകമെന്ന് ധനമന്ത്രി വ്യക്തമാക്കി. ബ്ലാക്ക് ഫംഗസ് മരുന്നുകള്‍ക്ക് തത്കാലം നികുതിയുണ്ടാവില്ല.
വൈദ്യ ആവശ്യത്തിനുള്ള ഓക്‌സിജന് 5 ശതമാനം നികുതിയുണ്ടാവും. സാനിറ്റൈസര്‍, പിപിഇ കിറ്റുകള്‍ എന്നിവക്കുള്ള നികുതിയും അഞ്ച് ശതമാനമാക്കി.