കൊച്ചി: പെരുമ്പാവൂർ രായമംഗലത്ത് വീട്ടിൽ കയറി യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയകളെല്ലാം പൂര്‍ത്തിയായി. 72 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളു എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു നഴ്സിംഗ് വിദ്യാർത്ഥിയായ പെൺകുട്ടിയെ 21കാരൻ ബേസിൽ ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ചശേഷം തൂങ്ങിമരിച്ച ബേസിലിന്റെ മൃതദേഹം സംസ്കരിച്ചു.
വീടിന് മുന്‍വശത്ത് സിറ്റൗട്ടില്‍ ഇരുന്ന പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് ഓടിവന്ന ബേസില്‍ വെട്ടിയത് അപ്രതീക്ഷിതമായാണ്. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് മാറാന്‍ പോലും പെണ്‍കുട്ടിക്ക് സാധിച്ചില്ല. ബേസിലിന്റെ കൈവശം വെട്ടുകത്തിക്ക് പുറമെ ഒരു ബാറ്റും ഉണ്ടായിരുന്നു. ഉച്ഛഭക്ഷണം കഴിഞ്ഞ് വീടിനകത്ത് വിശ്രമിക്കുകയായിരുന്ന മുത്തച്ഛനും മുത്തശ്ശിയും പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് പുറത്തേക്ക് ഓടിവന്നത്. തടയാന്‍ ശ്രമിച്ച മുത്തച്ഛനെ തള്ളിയിട്ട് കത്തികൊണ്ട് മുകത്ത് വെട്ടി, കയ്യിലുണ്ടായിരുന്ന ബാറ്റ് വച്ച് അടിച്ചു. കസേരയെടുത്ത് പ്രതിരോധിച്ച മുത്തശ്ശിക്കും വെട്ടേറ്റു. തലേന്ന് രാത്രി തന്നെ വീടിന് മുന്നില്‍ ബേസില്‍ എത്തിയിരുന്നതായും മുത്തച്ഛന് സംശയമുണ്ട്. ഡോക്ടര്‍മാരുടെ പെട്ടന്നുള്ള ഇടപെടലിലാണ് കുട്ടിയുടെ തുടര്‍ ചികിത്സയ്ക്ക് വഴിയൊരുക്കിയത്.
ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി ഇനിയുള്ള 72 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പെണ്‍കുട്ടിയെ നേരത്തെ തന്നെ പരിചയമുള്ള ആളായിരുന്നു ബേസിലെന്ന് പൊലീസ് ഉറപ്പിക്കുന്നു. മൂവാറ്റുപുഴയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെയാണ് ബേസിലിന്റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തത്. വൈകിട്ടോടെ സംസ്കാരം പൂര്‍ത്തിയായി.