ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തിപ്പില്‍ അന്തിമ തീരുമാനം വൈകും. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ഇത് കൂടി പരിഗണിച്ചാകും തീരുമാനം. ജൂണ്‍ ആദ്യവാരം വിദ്യാഭ്യാസ സെക്രട്ടറിമാരുടേയും പരീക്ഷ ബോര്‍ഡ് സെക്രട്ടറിമാരുടേയും യോഗം ചേരും. അന്ന് വരെയുള്ള സ്ഥിതി പരിശോധിച്ചാവും അന്തിമ തീരുമാനം എടുക്കുക. ഉന്നത തല യോഗത്തില്‍ പുതിയ വിദ്യാഭ്യാസ നയവും ചര്‍ച്ചയായി.
കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഈ മാസം നടത്തിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നേരത്തെ മാറ്റിവച്ചത്. ജൂണ്‍ ഒന്നുവരേയുളള സ്ഥിതി വിലയിരുത്തി പരീക്ഷ നടത്താനുള്ള തീരുമാനം എടുക്കാനായിരുന്നു ധാരണ. എന്നാല്‍ രോഗവ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതില്‍വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും വലിയ ആശങ്കയിലാണ്.
പരീക്ഷ കൂടാതെ ഫല പ്രഖ്യാപനത്തിന് മറ്റു വഴികള്‍ തേടണമെന്നാവശ്യപ്പെട്ട് രക്ഷകര്‍ത്താക്കളുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ വിദ്യാര്‍ഥികളുടെ മൊത്തത്തിലുളള പ്രകടന മികവ് അടിസ്ഥാനമാക്കി മാര്‍ക്ക് നല്‍കുക.
മാര്‍ക്ക് കുറഞ്ഞു പോയെന്നു കരുതുന്നവരെ മാത്രം പരീക്ഷ എഴുതിക്കുക തുടങ്ങിയ ആലോചനകളുണ്ട്. അതേസമയം കൊവിഡ് വ്യാപനം കുറഞ്ഞ യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ ഗള്‍ഫ് കൗണ്‍സില്‍ ബോര്‍ഡിന് കത്ത് അയച്ചു. ഇന്ത്യയ്ക്ക് പുറത്ത് 22 രാജ്യങ്ങളില്‍ സിബിഎസ്ഇ പരീക്ഷ നടക്കുന്നുണ്ട്.