ഓസ്‌ട്രേലിയ: കുമ്പസാര രഹസ്യങ്ങള്‍ ഇനിമുതല്‍ പൊലീസിനെ അറിയിക്കണമെന്ന പുതിയ നിയമവുമായി ഓസ്‌ട്രേലിയ. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിഞ്ഞാല്‍ വൈദികര്‍ വിവരം പൊലീസിനെ അറിയിക്കണമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്.
മതസ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികപീഡനം കൂടിവരികയും ഇത് മറച്ചുവെക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നതിനെ കുറിച്ചും റോയല്‍ കമ്മീഷന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട്പ്രകാരമാണ് ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വരുന്നത്. അതേസമയം, ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനെതിരെ മതവിശ്വാസികള്‍ രംഗത്തു വന്നിട്ടുണ്ട്. ഇത് ക്രിസ്തുമതത്തിന്റെ നിയമങ്ങള്‍ക്കെതിരാണെന്ന് വൈദികരും വിശ്വാസികളും വ്യക്തമാക്കി.
എന്നാല്‍ വൈദികരുടെ നിര്‍ബന്ധിത ബ്രഹ്മചര്യവും, കുമ്പസാര രഹസ്യങ്ങള്‍ പുറത്ത് പറയാന്‍ പാടില്ല എന്ന വ്യവസ്ഥകളും മാറ്റണമെന്നാണ് പ്രധാന നിര്‍ദ്ദേശമുള്ളത്. വൈദികര്‍ക്ക് പീഡന വിവരം കുമ്പസാരത്തിലൂടെ ലഭിക്കുകയും ഇത് പൊലീസിനെ അറിയിക്കാതിരിക്കുകയും ചെയ്താല്‍ 10,000 ഡോളര്‍ വരെ വൈദികര്‍ പിഴയടയ്‌ക്കേണ്ടി വരുമെന്നാണ് നിയമത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.