കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്1 എന്‍1 പടര്‍ന്ന സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി ആരോഗ്യ വകുപ്പ്. ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പില്‍ പനി ലക്ഷണങ്ങളുളള നൂറിലേറെ പേര്‍ ചികിത്സ തേടിയെത്തി. കാരശേരി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച വരെ അവധി നല്‍കിയിട്ടുണ്ട്.
കാരശേരി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും തൊട്ടടുത്ത എല്‍പി സ്‌കൂളിലുമായി പടര്‍ന്നത് എച്ച്1 എന്‍1 വൈറസെന്ന സ്ഥിരീകരണം വന്നതോടെയാണ് ആരോഗ്യ വകുപ്പ് സ്‌കൂളിലും മറ്റ് എട്ട് കേന്ദ്രങ്ങളിലുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. മഡിക്കല്‍ കോളേജില്‍ നിന്നുളള ഡോക്ടര്‍മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. കുമാരനെല്ലൂര്‍ സംസ്‌കാരിക നിലയം, കാരമൂല അംഗന്‍വാടി, മരഞ്ചാറ്റില്‍ സാംസ്‌കാരിക നിലയം, സി.എച്ച്.സി, പാറത്തോട് സാംസ്‌കാരിക കേന്ദ്രം, ആനയാംകുന്ന് സ്‌കൂള്‍, കറുത്തപറമ്പ് സാംസ്‌കാരിക നിലയം, കാരശ്ശേരി ഹാള്‍ എന്നിവിടങ്ങളിലാണ് പ്രത്യേക ക്യാമ്പ് നടക്കുന്നത്.
നിലവില്‍ ആറ് വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കുമാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ സ്രവം മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കയച്ചതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.ഇരുന്നൂറിലേറെ പേര്‍ സമാന രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്. കാറ്റഗറി എയിലുളള എച്ച്1എന്‍1 ആണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
എച്ച്1 എന്‍1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാരശേരി പഞ്ചായത്തിലെ മതപഠന കേന്ദ്രങ്ങളടക്കം എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അവധി നല്‍കി.