മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കാംഗ്പോക്പി ജില്ലയില്‍ മെയ്തികളും കുക്കികളും തമ്മില്‍ ഏറ്റുമുട്ടി. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മെയ്തി വിഭാഗത്തില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. മൊറെയില്‍ പോലീസും കലാപകാരികളും തമ്മില്‍ ഏറ്റുമുട്ടി. ഒരു കമാന്‍ഡോയ്ക്ക് പരുക്കേറ്റു. ടെങ്നോപാല്‍ ജില്ലയില്‍ വെടിവെപ്പില്‍ 13പേര്‍ കൊല്ലപ്പെട്ട് 26 ദിവസത്തിന് ശേഷമാണ് മണിപ്പൂരില്‍ വീണ്ടും അക്രമ സംഭവങ്ങള്‍ വ്യാപിക്കുന്നത്.

30 വീടുകളുള്ള നഖുജാംഗിലെ കുക്കി ഗ്രാമത്തിന് നേരെ ജൂണ്‍ രണ്ടിന് മെയ്തികള്‍ ആക്രമണം നടത്തിയിരുന്നു. കാട് കയ്യേറി മെയ്തികള്‍ വീടുകളും ബങ്കറുകളും നിര്‍മിക്കുന്നതായി കുക്കികള്‍ സംശയിക്കുന്നുണ്ട്.വൈകുന്നേരം 3.40നാണ് മോറെയില്‍ പോലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. മ്യാന്‍മാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. വാഹനവ്യൂഹത്തിന് നേരെ സായുധസംഘം ബോംബ് എറിയുകയായിരുന്നു. രണ്ടുമണിക്കൂറോളം ഏറ്റുമുട്ടല്‍ നടന്നു. രണ്ടു സംഭവങ്ങളും മണിപ്പൂര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 3.30ഓടെയാണ് കാംഗ്പോക്പിയിലെ മലമേഖലയിലെ ഗ്രാമമായ നഖുജാംഗില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. കുക്കികളുടേയും മെയ്തികളുടേയും ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നവര്‍ തമ്മിലാണ് വെടിവെപ്പുണ്ടായത്. ഒരു മണിക്കൂറോളം ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് എത്തി ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് താത്കാലിക ശമനമുണ്ടായത്.കുകി ഗ്രാമത്തിന് സമീപത്തെ വനമേഖലയില്‍ നിന്ന് മെയ്തി വിഭാഗക്കാര്‍ രാത്രി മരം വെട്ടി. പട്രോളിങിന് ഇറങ്ങിയ കുക്കി യുവാക്കള്‍ ഇവരെ കാണുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

Top