പാലക്കാട് കലോത്സവ വേദിയില്‍ സംഘര്‍ഷം; നാല് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഓവര്‍റോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ നല്‍കിയ ശേഷം വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനം നടത്തിയത് അതിരുകടന്നപ്പോഴാണ് സംഘര്‍ഷം ഉടായത്.ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.ലാത്തിവീശിയാണ് പൊലീസ് ഒടുവില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും ശാന്തരാക്കിയത്.

ചാമ്പ്യന്‍ഷിപ്പ് ട്രോഫി വിതരണത്തിന് ശേഷം വിജയികളായവര്‍ പടക്കം പൊട്ടിച്ചു.പടക്കത്തിന്റെ ചീളുകള്‍ ദേഹത്തേക്ക് പതിക്കുന്നുവെന്നാരോപിച്ചാണ് ആദ്യം വാക്കേറ്റമുണ്ടായത്,പിന്നീട് അത് സംഘര്‍ഷത്തിലേക്ക് വഴിമാറി.കസേരകള്‍ അടക്കം എടുത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലി.അധ്യാപകര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് സംഘാടകര്‍ പലകുറി ആവശ്യപ്പെട്ടെങ്കിലും അധ്യാപകരും നിസ്സഹായരായി

തുടര്‍ന്ന് പൊലീസെത്തി ലാത്തി വീശിയാണ് പ്രശ്നം പരിഹരിച്ചത്. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.പരുക്കേറ്റവര്‍ മണ്ണാര്‍ക്കാട് മദര്‍,വൈശാഖ് ആശുപത്രികളില്‍ ചികിത്സയിലാണ്.സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു.

Top