തമിഴ്നാട് കള്ളക്കുറിച്ചിയിൽ വിദ്യാർഥികളും പൊലീസും തമ്മിൽ വൻ സംഘർഷം. പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിലുള്ള പ്രതിഷേധമാണ് വൻ സംഘർഷത്തിലെത്തിത്. പൊലീസ് ആകാശത്തേക്ക് വെടിവച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അമ്പതിലധികം വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു.
കള്ളക്കുറിച്ചിയ്ക്ക് സമീപം ചിന്ന സേലം എന്ന സ്ഥലത്തെ സ്വകാര്യ ഹയർസെക്കന്ററി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനി ചൊവ്വാഴ്ച ആത്മഹത്യ ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രണ്ട് അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് പെൺകുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ സ്കൂൾ ഹോസ്റ്റലിൽ വച്ച് സ്കൂൾ കാവൽക്കാരനാണ് മരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടത്.
പെൺകുട്ടിയുടെ കുറിപ്പിലെ ആരോപണങ്ങൾ ആരോപണവിധേയരായ അധ്യാപകർ തളളി. ഇതോടെ ബുധനാഴ്ച പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കള്ളക്കുറിച്ചി – സേലം ഹൈവെ ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് പെൺകുട്ടിയ്ക്ക് നീതിവേണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥിപ്രതിഷേധം നടന്നത്.