എസ്.എഫ്.ഐ – കെ.എസ്.യു സംഘര്‍ഷം; അറിഞ്ഞതു മാത്രമല്ല യാഥാര്‍ത്ഥ്യം!

തിരുവനന്തപുരം ഗവ. ലോ കോളേജിലെ സംഘര്‍ഷം തീര്‍ച്ചയായും ദൗര്‍ഭാഗ്യകരം തന്നെയാണ്. എന്നാല്‍, അതിന്റെ പേരില്‍ വളഞ്ഞിട്ട് എസ്.എഫ്.ഐ എന്ന സംഘടനയെ ആക്രമിക്കുന്നതും ശരിയല്ല. ഒറ്റപ്പെട്ട സംഭവങ്ങളെ ഒറ്റപ്പെട്ടത് തന്നെയായി കാണാന്‍ പ്രതിപക്ഷ നേതാവിനു മാത്രമല്ല മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. ലോ കോളജ് സംഘര്‍ഷത്തെ പര്‍വതീകരിച്ച് ‘ക്രിമിനലുകളുടെ കേന്ദ്രമാണ് ‘ എസ്.എഫ്.ഐ എന്നു വാദിച്ചാല്‍ ആ വാദം വിലപ്പോവുകയില്ല. കെ.എസ്.യുക്കാരി ആയാലും എസ്.എഫ്.ഐ പ്രവര്‍ത്തക ആയാലും ഒരു പെണ്‍കുട്ടിയും ആക്രമിക്കപ്പെടാന്‍ പാടില്ല. അതു തന്നെയാണ് നിലപാട്. അതുപോലെ തന്നെ ഒരു പെണ്‍കുട്ടിയും അക്രമപാതയിലേക്ക് തിരിയാനും പാടുള്ളതല്ല.

ലോ കോളജില്‍ ഇത് രണ്ടും സംഭവിച്ചിട്ടുണ്ട്. അതു തന്നെയാണ് യാഥാര്‍ത്ഥ്യവും. കോളജ് യൂണിയന്‍ ഉദ്ഘാടന ദിവസം മദ്യപിച്ച് ക്യാമ്പസിനുള്ളില്‍ കയറിയ കെഎസ്‌യു പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി ആ കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ മദ്യപിച്ച് എത്തിയ ഒരു കെഎസ്‌യു നേതാവിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരിഞ്ഞതാണ് പിന്നീട് അടിപിടിയില്‍ കലാശിച്ചിരിക്കുന്നത്. കെ.എസ്.യു – എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ഈ സംഘര്‍ഷത്തിനിടെയാണ് കെ.എസ്.യു വനിതാ നേതാവിനും പരിക്കേറ്റിരിക്കുന്നത്. തീര്‍ച്ചയായും ദൗര്‍ഭാഗ്യകരമായ സംഭവമാണിത്.

അതേ സമയം, ഈ വനിതാ നേതാവ് തന്നെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുവാന്‍ നേതൃത്വം കൊടുക്കുന്നതായ വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ രണ്ട് വശങ്ങളും വിലയിരുത്താതെ തികച്ചും ഏകപക്ഷീയമായി ഒരു സംഘടനയെ മാത്രം പ്രതിക്കുട്ടില്‍ നിര്‍ത്തുന്നത് എന്തായാലും ശരിയായ നിലപാടല്ല. അത്തരമൊരു സാഹസം നിയമസഭയില്‍ പ്രതിപക്ഷ നേതാവ് കാട്ടിയതു കൊണ്ടാണ് എസ്.എഫ്.ഐയുടെ ചരിത്രം മുഖ്യമന്ത്രിക്കും ഓര്‍മ്മിപ്പിക്കേണ്ടി വന്നിരിക്കുന്നത്. സംസ്ഥാനത്ത് 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് എസ്.എഫ്.ഐ യില്‍ അംഗത്വമെടുത്തിരിക്കുന്നത്. ഇതില്‍ പകുതിയിലേറെയും പെണ്‍കുട്ടികളാണ് എന്നതും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മനസ്സിലാക്കണം.

കോളജ് യൂണിയനുകളിലെ തിരഞ്ഞെടുപ്പു മുതല്‍, വിദ്യാര്‍ത്ഥികളുടെ എല്ലാ പൊതു ജനാധിപത്യ വേദികളിലും, കഴിഞ്ഞ അനവധി വര്‍ഷങ്ങളായി, എസ്.എഫ്.ഐയുടെ വിജയ ചരിത്രം മാത്രമാണ് പുറത്തു വരുന്നത്. ഒരു കാലത്ത് കേരളത്തിലെ കാമ്പസുകള്‍ അടക്കി ഭരിച്ച കെ.എസ്.യു  ഇന്ന് അതിദയനീയ അവസ്ഥയിലാണ് ഉള്ളത്. അത്തരമൊരു അവസ്ഥയിലേക്ക് ആ സംഘടനയെ എത്തിച്ചതില്‍, ‘ആക്രമണ ശൈലിക്കും’ വലിയ പങ്കാണു ഉള്ളത്. എസ്.എഫ്.ഐയെ സംബന്ധിച്ച്, കെ.എസ്.യു ഇന്നു ഒരു എതിരാളിയേ അല്ല. ഇരു സംഘടനകളും തമ്മിലുള്ള ദൂരവും… വളരെ കൂടുതലാണ്. അടുത്തയിടെ നടന്ന… എം.ജി, കണ്ണൂര്‍, കേരള സര്‍വ്വകലാശാലകള്‍ക്കു കീഴിലെ യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ തന്നെ ഇതിനു പ്രകടമായ ഉദാഹരണങ്ങളാണ്.

എംജി യില്‍ 126 കോളജുകളില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍, 117 ഇടത്തും എസ്.എഫ്.ഐയാണ് വിജയിച്ചിരിക്കുന്നത്. കേരളയില്‍ 68-ല്‍ 65 ഉം നേടിയ എസ്.എഫ്.ഐ, കണ്ണൂരില്‍ 71 ല്‍ 60 കോളജുകളിലാണ് വിജയക്കൊടി പാറിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പറയുന്നതു പോലെ, എസ്.എഫ്.ഐ ഒരു ക്രിമിനല്‍ സംഘമാണെങ്കില്‍, ഒരിക്കലും ഇത്തരമൊരു വിജയം ആ സംഘടനക്ക് ഉണ്ടാകുമായിരുന്നില്ല. മിക്ക കാമ്പസുകളിലും എസ്.എഫ്.ഐ ഒറ്റക്കും മറ്റെല്ലാവരും ഒറ്റക്കെട്ടും എന്ന രൂപത്തിലാണ് മത്സരം നടന്നിരുന്നത്. ഇതും, നാം തിരിച്ചറിയണം. കാമ്പസ് രാഷ്ട്രീയത്തിലെ തിരിച്ചടിയില്‍ തുടങ്ങിയതാണ് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച. വിദ്യാര്‍ത്ഥി സമൂഹത്തില്‍ മാത്രമല്ല, യുവജന സമൂഹത്തിലും, ഖദര്‍ രാഷ്ട്രീയം തിരസ്‌ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. നഷ്ടപ്പെട്ട പഴയ പ്രതാപകാലം തിരിച്ചു പിടിക്കാന്‍ തീര്‍ച്ചയായും കെ.എസ്.യുവിനും അവകാശമുണ്ട്. അതിനു പക്ഷേ, അവര്‍ ആദ്യം ചെയ്യേണ്ടത് വിദ്യാര്‍ത്ഥികളുടെ മനസ്സറിയുക അവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്. അതല്ലാതെ, മദ്യപിച്ചും ബഹളമുണ്ടാക്കിയും ‘ഷോ’കളിക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും തിരിച്ചടിയും ലഭിക്കും. അതു തന്നെയാണ്തിരുവനന്തപുരം ലോ കോളജിലും സംഭവിച്ചിരിക്കുന്നത്.

ആശയപരമായ പോരാട്ടത്തിനു പകരം, ആക്രമണത്തിന്റെ പാത ആര് സ്വീകരിച്ചാലും, അത് ഒടുവില്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകും.അക്കാര്യവും ഉറപ്പാണ്. ലോ കോളേജില്‍ ഉണ്ടായ അക്രമണത്തെ ന്യായീകരിക്കുന്ന ഒരു നിലപാടും എസ്എഫ്‌ഐ എന്തായാലും ഇതുവരെ സ്വീകരിച്ചിട്ടില്ല. അക്രമത്തിലൂടെ ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും വളരാനും സാധ്യമല്ല. നമുക്ക് മുന്നിലുള്ള ചരിത്രവും അതാണ്. രാഷ്ട്രീയ എതിരാളികളുടെ കടന്നാക്രമണത്തെ ചെറുത്തു തോല്‍പ്പിച്ച ചരിത്രമാണ് എസ്.എഫ്.ഐക്കുള്ളത്. അതിനാകട്ടെ അവര്‍ക്ക് കൊടുക്കേണ്ടി വന്ന വിലയും വളരെ വലുതാണ്… കേരളത്തില്‍ മാത്രം എസ്.എഫ്.ഐക്ക് നഷ്ടപ്പെട്ടത് 35 പ്രവര്‍ത്തകരെയാണ്. ഇതില്‍, സംസ്ഥാന ഭാരവാഹി മുതല്‍ യൂണിറ്റ് തലത്തിലെ പ്രവര്‍ത്തകന്‍ വരെ ഉള്‍പ്പെടുന്നുണ്ട്. പ്രതിസ്ഥാനത്തുള്ളത് കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസ്സും മുതല്‍ എ.ബി.വി.പിയും ആര്‍.എസ്.എസും വരെയുണ്ട്. ഈ വസ്തുത മാധ്യമങ്ങളും തിരിച്ചറിയണം. എങ്കില്‍ മാത്രമേ, നിഷ്പക്ഷ വിലയിരുത്തലുകള്‍ സാധ്യമാകുകയൊള്ളു. എസ്.എഫ്.എ ഒരു വലിയ സംഘടനയാണ്. ലക്ഷക്കണക്കിന് വരുന്ന അതിലെ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് തീര്‍ച്ചയായും തെറ്റുപറ്റാം. അതിനെ ഒരിക്കലും ന്യായീകരിക്കുന്നുമില്ല. ഇതിനെതിരെ നിലപാട് സ്വീകരിക്കാന്‍, തീര്‍ച്ചയായും പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും അവകാശമുണ്ട്. അതും അംഗീകരിക്കുന്നു. എന്നാല്‍, ഏകപക്ഷീയമായി കുപ്രചരണം നടത്താന്‍ ശ്രമിക്കരുത്. ഒറ്റപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ട സംഭവമായി തന്നെ കാണണം.

മുന്‍പ് തിരുവനന്തപുരം യൂണിറ്റഴ്‌സിറ്റി കോളജിലും, എം.ജി സര്‍വകലാശാലയിലും, മഹാരാജാസ് കോളജിലും ഒക്കെ നടന്ന സംഘര്‍ഷത്തെ, എങ്ങനെയാണോ മാധ്യമങ്ങള്‍ ഏകപക്ഷീയമായി കൈകാര്യം ചെയ്തത് അതു പോലെ തന്നെയാണ് ഇപ്പോള്‍, തിരുവനന്തപുരം ലോ കോളജ് സംഘര്‍ഷത്തെയും, അവര്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത് ചര്‍ച്ച ചെയ്യുന്നവര്‍, ആ പെണ്‍കുട്ടി പങ്കാളിയായ ആക്രമ ദൃശ്യം പുറത്തു വിടാനും തയ്യാറാകണം. അതും ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. അക്രമത്തിന്റെ യഥാര്‍ത്ഥ കാരണം മദ്യപിച്ചെത്തിയ ഒരു ‘സംഘം’ ഉണ്ടാക്കിയ പ്രശ്‌നമാണെന്നതും  ഇവിടെ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം മറച്ചു വയ്ക്കുകയുണ്ടായി. ‘കുഴപ്പമുണ്ടാക്കിയവര്‍’ കെഎസ്യു പ്രവര്‍ത്തകരാണ് എന്ന് എസ്.എഫ്.ഐ ആരോപിക്കുമ്പോള്‍ അതും മാധ്യമങ്ങള്‍ പരിശോധിക്കണമായിരുന്നു.

വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ടതു പോലെ തന്നെ ഗുരുതരമാണ്, വിദ്യാര്‍ഥിനികളെ അസഭ്യം പറഞ്ഞ സംഭവവും… ലോകോളജില്‍ ആദ്യം സംഭവിച്ചിരിക്കുന്നത് അതാണ്. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയിലേക്കാണ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായ സഫ്നയെത്തിയത്.ഇതോടെയാണ്, അവര്‍ക്കും പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായതെന്നാണ്ദൃ ക്‌സാക്ഷികളും ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിലെല്ലാം വിശദമായ അന്വേഷണം അനിവാര്യമാണ്. അതിനാണ് കോളജ് അധികൃതരും പൊലീസും തയ്യാറാകേണ്ടത്.

EXPRESS KERALA VIEW

Top