സംഘര്‍ഷം അവസാനിക്കാതെ മണിപ്പുര്‍; സൈന്യം സാഹയമഭ്യര്‍ത്ഥിച്ചിട്ടും മൗനം തുടര്‍ന്ന് കേന്ദ്രം

 

ഇംഫാല്‍: സംഘര്‍ഷത്തിന് അവസാനിക്കാതെ മണിപ്പുര്‍. സൈന്യം സാഹയമഭ്യര്‍ത്ഥിച്ച സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അടിയന്തര നടപടികള്‍ കൈക്കൊണ്ടിട്ടില്ല. പ്രധാനമന്ത്രിയടക്കം ഇപ്പോഴും മണിപ്പുരിലെ കലാപത്തെ കുറിച്ച് മൗനം തുടരുകയാണ്.

 

ഏത് കലാപത്തേയും അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിന് ദിവസങ്ങള്‍ മതിയെന്നിരിക്കെയാണ് മണിപ്പൂരിലെ കലാപം മാസങ്ങള്‍ പിന്നിടുന്നത്. 131 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ . ആക്രമണങ്ങളില്‍ 17 ക്ഷേത്രവും 200 പള്ളിയും തകര്‍ക്കപ്പെട്ടു. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. 50,000 പേര്‍ വീടുവിട്ട് പലായനം ചെയ്തു. ഗുജറാത്ത് കലാപം പോലെ സമാനമായ അക്രമങ്ങള്‍ തുടര്‍ന്നിടും ഇത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.

അതേസമയം ബിജെപിക്ക് തനിച്ച് അധികാരത്തിലെത്താന്‍ സാഹചര്യമൊരുക്കാന്‍ ബോധപൂര്‍വം അഴിച്ചുവിട്ട കലാപമാണ് മണിപ്പുരിലേതെന്ന ചര്‍ച്ചകളും സജീവമാണ്. വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നതും സര്‍വകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് അയക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒറ്റക്ക് കലാപബാധിത സംസ്ഥാനം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ രാഹുലിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തി. രാഹുലിന്റെ സന്ദര്‍ശനം വഴി സംഘര്‍ഷം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി വിമര്‍ശിച്ചു.

അതേസമയം, രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് പൂര്‍ണാനുമതി ലഭിക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷ മേഖലകളിലേക്ക് നേതാക്കളുടെ യാത്രകള്‍ ഇതുവരെ അനുവദിച്ചു തുടങ്ങിയിട്ടില്ല.അതിനു ഇടെ നാഗാലാന്‍ഡില്‍നിന്ന് മണിപ്പുരിലേക്ക് തോക്കുകളും സ്‌ഫോടകവസ്തുക്കളുമായി വന്ന വാഹനം സുരക്ഷാഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അസം റൈഫിള്‍സും നാഗാലാന്‍ഡ് പൊലീസും സംയുക്തമായാണ് നീക്കം നടത്തിയത്. മണിപ്പുരില്‍ നൂറുകണക്കിന് ചെക്ക്‌പോസ്റ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

 

Top