ശ്രീ ശങ്കരാ കോളേജില്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി നടന്ന പാര്‍ട്ടിക്കിടെ രണ്ട് പേര്‍ക്ക് കത്തിക്കുത്തേറ്റു. ഒരാളുടെ നില ഗുരുതരം. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ മുണ്ടക്കല്‍ വീട്ടില്‍ അരുണ്‍ ശിവന് (24), കോളേജില്‍ പഠിക്കുന്ന കോടനാട് പാലാട്ടി വീട്ടില്‍ ആദിത്യന് (20) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരും അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിസയിലാണ്. അരുണ്‍ ശിവന്റെ വയറ്റില്‍ ആണ് കുത്തേറ്റത്. നില ഗുരുതരമാണ്.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ആണ് കാതടിപ്പിക്കുന്ന ശബ്ദത്തില്‍ ഡി.ജെ. ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന പരിപാടിയില്‍ കോളേജിന് പുറത്ത് നിന്ന് വന്നവരടക്കം ആയിരത്തോളം പേര് പങ്കെടുത്തിരുന്നു. നിരവധി പെണ്‍കുട്ടികളും ഉണ്ടായിരുന്നു. കാമ്പസിനകത്ത് എസ് ബ്ലേക്കിന് സമീപം പ്രത്യേകം സ്റ്റേജ് കെട്ടിയാണ് പരിപാടി നടത്തിയത്. പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ അനുമതി ഉണ്ടായിരുന്നില്ല.
മയക്ക്മരുന്ന് ഉള്‍പ്പെടെയുളള ലഹരി പദാര്‍ത്ഥങ്ങള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ഉപയോഗിച്ചിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായും, അഞ്ചോളം പേര്‍ക്ക് എതിരെ കേസ് എടുത്തതായും പോലീസ് അറിയിച്ചു. കോവിഡ് ആക്ടിന് വിരുദ്ധമായി പരിപാടി നടത്താന്‍ അനമതി നല്കിയ കോളേജ് അധികൃതരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്.