കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരേ പാര്‍ട്ടിയില്‍ രണ്ടു മുന്‍ സംസ്ഥാന പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ കലാപക്കൊടി. സി.കെ പത്മനാഭനും വി.മുരളീധരനും ചേര്‍ന്നാണ് പാര്‍ട്ടിയുമായി കൂടിയാലോചന നടത്താതെ കുമ്മനം ആര്‍.എസ്.എസ് നോമിനികളെ ഭാരവാഹികളാക്കുന്നു എന്ന പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.
കേരളത്തിലെ ബി.ജെ.പി നേതൃത്വത്തില്‍ നിലനിന്ന ഗ്രൂപ്പ് പ്രവര്‍ത്തനത്തെതുടര്‍ന്ന് ദേശീയ അധ്യക്ഷന്‍ അമിത ഷാ നേരിട്ട് ഇടപെട്ടാണ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കിയത്.
കുമ്മനത്തെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒഴിവാക്കാനുള്ള നീക്കമാണു നടക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളുടേയും ജില്ലാ കമ്മിറ്റികളുടേയും അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടാതെയാണു ഏകപക്ഷീയമായി കുമ്മനം കാര്യങ്ങള്‍ തീരുമാനിച്ചതെന്നു ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്തെ 140 മണ്ഡലം കമ്മിറ്റികളില്‍ 90 എണ്ണത്തിലും ആര്‍.എസ്.എസ്, വി.എച്ച്.പി, ഹിന്ദു ഐക്യവേദി എന്നീ സംഘടനകളില്‍ നിന്നും നേരിട്ടു നിയമനം നടത്തിയതായും പാര്‍ട്ടി പ്രവര്‍ത്തകരെ മാനിക്കാതെയാണ് ആര്‍.എസ്.എസില്‍ നിന്നുള്ളവരെ തിരുകിക്കയറ്റിയതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
ഇത് സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കുമ്മനവും മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭനും തമ്മില്‍ പരസ്യമായി വാഗ്വാദവുമുണ്ടായി. കാലങ്ങളായി ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചു വരുന്നവരെ അവഗണിച്ചു പാര്‍ട്ടിയെ സമ്പൂര്‍ണമായി ആര്‍.എസ്.എസ് പാളയത്തില്‍ എത്തിയ്ക്കാനുള്ള കുമ്മനത്തിന്റെ ശ്രമത്തിനെതിരെ മുരളീധരന്‍ വിഭാഗവും കൃഷ്ണദാസ് വിഭാഗവും പിന്നീടു രംഗത്തുവന്നു.
ബി.ജെ.പിയെ ആര്‍.എസ്.എസില്‍ തളച്ചിടാനുള്ള നീക്കത്തിനെതിരേ അനുയായികളില്‍ പലരും നീരസവുമായി രംഗത്തുവന്നതും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതും ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കാന്‍ കാരണമായി. ഇതോടെയാണ് ആര്‍.എസ്.എസ് പക്ഷത്ത് നില്‍ക്കുന്ന കുമ്മനം രാജശേഖരനെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവുമായി അഭിപ്രായവ്യത്യാസം മറന്ന് ഇരുവിഭാഗവും ഒന്നിച്ചത്.
പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയാണു ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് ഏറ്റെടുത്തത്. അടുത്തിടെ നടന്ന ബി.ജെ.പി അഖിലേന്ത്യാ കോര്‍ കമ്മിറ്റി യോഗത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന കോര്‍ കമ്മിറ്റികളുടെ പ്രത്യേക യോഗം അമിത് ഷാ വിളിച്ചുചേര്‍ക്കുകയും ഒരോ മാസവും സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് മിനുട്‌സ് നേരിട്ട് തനിക്ക് അയച്ചുതരണമെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.