യു.ഡി.എഫിനെ സംബന്ധിച്ച് ഇപ്പോള്‍ വലിയ കഷ്ടകാലമാണ്. മുന്നണിക്കകത്തും പുറത്തും വലിയ പ്രതിസന്ധിയാണ് ആ മുന്നണിയിപ്പോള്‍ നേരിടുന്നത്.
മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും കടുത്ത അതൃപ്തിയിലാണ് മുന്നണിയില്‍ തുടരുന്നത്. ഇതില്‍ കേരള കോണ്‍ഗ്രസ്സ്, ഫലത്തില്‍ രണ്ടായ അവസ്ഥയില്‍ തന്നെയാണ് പ്രവര്‍ത്തനം.
ലീഗും കേരള കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗവും മുന്നണി വിട്ട് പോകുമോ എന്ന ആശങ്ക കോണ്‍ഗ്രസ്സ് നേതൃത്വത്തിനുമുണ്ട്. ലീഗിനെ കണ്ട് ആരും മന:പായസമുണ്ണണ്ടന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണത്തില്‍ തന്നെയുണ്ട് ഒരു ആശങ്ക.
പ്രത്യായശാസ്ത്രപരമായി സി.പി.എമ്മിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് ലീഗുമായുള്ള സഖ്യം. ഈ ഒരൊറ്റ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്സും ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അതേസമയം ലീഗ് വോട്ട് ബാങ്കില്‍ വലിയ വിള്ളല്‍ വീഴാനുള്ള സാധ്യത, നേതൃത്വം മുന്നില്‍ കാണുന്നുമുണ്ട്.
പൗരത്വ ഭേദഗതി വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ലീഗിനെയും വല്ലാതെ ഉലച്ചിരിക്കുന്നത്.
ലീഗ് വോട്ട് ബാങ്കായ സമസ്ത പരസ്യമായാണ് മുഖ്യമന്ത്രി പിണറായിക്കൊപ്പം ഉറച്ച് നിന്നിരുന്നത്. മനുഷ്യശൃംഖലയില്‍ നിന്നും ലീഗും കോണ്‍ഗ്രസ്സും വിട്ടു നിന്നെങ്കിലും, ഇവരെ പിന്തുണയ്ക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ നല്ലൊരു വിഭാഗവും ശൃംഖലയില്‍ അണിനിരക്കുകയുണ്ടായി. കേരള കോണ്‍ഗ്രസ്സും മനുഷ്യ ശൃംഖലയില്‍ നിന്നും വിട്ടു നിന്ന പാര്‍ട്ടിയാണ്. എന്നാല്‍ ക്രൈസ്തവ പുരോഹിതരടക്കമാണ് ശൃംഖലയില്‍ കണ്ണികളാകാനെത്തിയിരുന്നത്.
യു.ഡി.എഫ് വോട്ട് ബാങ്കാണ് ഇതോടെ ഉലഞ്ഞിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം അറിയുന്നത് കൊണ്ടുകൂടിയാണ് ഘടകകക്ഷികള്‍ മറ്റു സാധ്യതകളിപ്പോള്‍ തേടുന്നത്.
യു.ഡി.എഫിനെ സംബന്ധിച്ച് അടുത്ത തവണ ഭരണം ലഭിക്കാത്ത സാഹചര്യം ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല.
അടിയൊഴുക്ക് എങ്ങനെ ബാധിക്കും എന്ന കാര്യത്തില്‍ വലിയ ആശങ്ക കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുമുണ്ട്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ പാര്‍ട്ടി നിലപാടില്‍ അസംതൃപ്തരാണ്.
പിണറായിയുടെ പ്രസംഗം വളച്ചൊടിച്ച് പ്രധാനമന്തി രാജ്യസഭയില്‍ നടത്തിയ പ്രതികരണം മുതലെടുക്കാനുള്ള യുഡിഎഫ് നീക്കവും നിലവില്‍ പാളിയിട്ടുണ്ട്. പിണറായി തന്നെ മോദിക്ക് ഇതിന് മാസ് മറുപടി നല്‍കിയതോടെയാണ് ഈ നീക്കവും പൊളിഞ്ഞിരിക്കുന്നത്.
രാജ്യസഭയില്‍ നന്ദിപ്രമേയചര്‍ച്ചയ്ക്കുള്ള മറുപടിപ്രസംഗത്തില്‍ പ്രധാനമന്ത്രി കേരളത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം വസ്തുതാവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭത്തെ വിഭാഗീയ-വര്‍ഗീയലക്ഷ്യങ്ങളുള്ളവര്‍ക്ക് അടിയറവയ്ക്കാന്‍ കേരളം ഒരിക്കലും തയ്യാറല്ല. അത്തരം നുഴഞ്ഞുകയറ്റങ്ങളെക്കുറിച്ച് തുടക്കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ജാഗ്രത പാലിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വര്‍ഗീയലക്ഷ്യത്തോടെ ആര്‍എസ്എസ് നടപ്പാക്കുന്ന നിയമത്തെ മതനിരപേക്ഷതയുടെ ശക്തികൊണ്ടാണ് നേരിടേണ്ടത്. അതിലാണ് കേരളം രാജ്യത്തിന് മാതൃകയാകുന്നത്. ആ മുന്നേറ്റത്തില്‍ നുഴഞ്ഞുകയറുന്ന വര്‍ഗീയശക്തികളെ തടയാന്‍ മതനിരപേക്ഷകേരളത്തിന് തന്നെ കരുത്തുണ്ടെന്നുമാണ് പിണറായി ചൂണ്ടിക്കാട്ടിയത്.
ചില സമരങ്ങളിലെ എസ്ഡിപിഐപോലുള്ള തീവ്രവാദസ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള പരാമര്‍ശം ഉത്തമബോധ്യത്തിലുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ മഹാപ്രതിരോധത്തില്‍ വര്‍ഗീയതയുടെ വിഷം തേയ്ക്കാന്‍ ആര് ശ്രമിച്ചാലും ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പ്രധാനമന്ത്രി തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
മോദി- പിണറായി അവിശുദ്ധ സഖ്യം ആരോപിച്ച യുഡിഎഫിന് കിട്ടിയ കനത്ത പ്രഹരം കൂടിയാണ് ഈ മാസ് മറുപടി. തൊടുന്നതെല്ലാം വലിയ അബദ്ധങ്ങളായി മാറുന്നതാണ് യു.ഡി.എഫിനിപ്പോള്‍ വിനയായി മാറുന്നത്. സി.എ.എ വിരുദ്ധ യോജിച്ച പ്രക്ഷോഭത്തില്‍ നിന്നും വിട്ടു നിന്നതാണ് വലിയ മണ്ടത്തരം.
80 ലക്ഷത്തോളം പേര്‍ പങ്കെടുത്ത മനുഷ്യ മഹാശൃംഖല പോലെ ഒന്ന് സംഘടിപ്പിക്കാന്‍ യു.ഡി.എഫിനാകട്ടെ ശേഷിയുമില്ല. നിയമസഭയിലെ പ്രമേയത്തിലും സുപ്രീം കോടതിയെ സമീപിച്ചതിലും ഗോളടിച്ചതും ഇടതു സര്‍ക്കാറാണ്. കേരളം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതോടെയാണ് മമതക്ക് പോലും ആ പാത പിന്‍തുടരേണ്ടി വന്നിരുന്നത്.
പിണറായിയുടെ കത്ത് തന്നെ വേണ്ടി വന്നു, കോണ്‍ഗ്രസ്സ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ പോലും ഈ പ്രമേയം പാസാക്കാന്‍. ഇപ്പോഴും പ്രമേയം പാസാക്കാത്ത സംസ്ഥാനങ്ങളും കോണ്‍ഗ്രസ്സ് മുന്നണി ഭരിക്കുന്നുണ്ട് എന്നതും നാം ഓര്‍ക്കണം.
ഇക്കാര്യങ്ങളെല്ലാം ശരിക്കും ഇടതുപക്ഷ പ്രവര്‍ത്തകര്‍ കേരളത്തില്‍ തുറന്നുകാട്ടുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പോലും കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉത്തരം മുട്ടി പോകുന്നതും പതിവ് കാഴ്ചയാണ്.
പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള രമേശ് ചെന്നിത്തലയുടെ പ്രകടനം മോശമായതും യു.ഡി.എഫിന്റെ പ്രകടനത്തെ ശരിക്കും ബാധിച്ചിട്ടുണ്ട്. ചെന്നിത്തല തൊട്ടതൊന്നും ഏശുന്നില്ലന്ന പരാതി കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുമുണ്ട്. ഉമ്മന്‍ ചാണ്ടിയാവട്ടെ കളം മാറി നില്‍ക്കുകയുമാണ്.
പിണറായിക്ക് ബദല്‍, ചെന്നിത്തലയെ ചൂണ്ടിക്കാണിച്ചാല്‍ ഉള്ള വോട്ടും പോകുന്ന അവസ്ഥയാണ് യു.ഡി.എഫിലുള്ളത്.ഇവിടെയാണ് തന്ത്രപരമായ ഇടപെടല്‍ ഇടതുപക്ഷം നടത്തികൊണ്ടിരിക്കുന്നത്. ഭരണ തുടര്‍ച്ച ലക്ഷ്യമിട്ടാണ് സി.പി.എമ്മിന്റെ ഓരോ നീക്കവും.
മുസ്ലീം ലീഗിനെയല്ല, അവരോടൊപ്പം നില്‍ക്കുന്ന ജനവിഭാഗത്തെയാണ് സി.പി.എം ലക്ഷ്യമിടുന്നത്. മലബാര്‍ മേഖലയില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഘടകങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
കേരള കോണ്‍ഗ്രസ്സാണ് ലീഗ് കഴിഞ്ഞാല്‍ യു.ഡി.എഫിലെ അടുത്ത വലിയ പാര്‍ട്ടി.ചേരി തിരിഞ്ഞ് യു.ഡി.എഫില്‍ നില്‍ക്കുന്ന ഈ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണിപ്പോള്‍.
യു.ഡി.എഫിലെ തന്നെ കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തെയും, ഇടതുപക്ഷത്തെ, ജനാധിപത്യ കേരള കോണ്‍ഗ്രസ്സിനെയും ഒപ്പം കൂട്ടി കുറു മുന്നണിയുണ്ടാക്കാനാണ് പി.ജെ.ജോസഫ് ശ്രമിക്കുന്നത്.ഇതിന് ചില കോണ്‍ഗ്രസ്സ് നേതാക്കളുടെ ഒത്താശയുമുണ്ട്.
എന്നാല്‍ ജോസ് വിഭാഗത്തെ അടര്‍ത്തിമാറ്റാനാണ് സി.പി.എം ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ്സില്‍ ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ളതും ഈ വിഭാഗത്തിനാണ്. ജോസഫ് വിഭാഗത്തില്‍ നേതാക്കള്‍ മാത്രമാണുള്ളതെന്നാണ് സി.പി.എം വിലയിരുത്തല്‍.
ജോസ് വിഭാഗഞ്ഞ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ മറ്റ് ഒരു തടസവും സി.പി.എമ്മിന് മുന്നിലില്ല. ഇടതുപക്ഷത്ത് സി.പി.എം കഴിഞ്ഞാല്‍ പിന്നെ ഏതാനും ജില്ലകളിലെങ്കിലും സ്വാധീനം സി.പി.ഐക്ക് മാത്രമാണുള്ളത്. മറ്റ് പാര്‍ട്ടികളെല്ലാം ശരിക്കും ‘പടങ്ങള്‍’ മാത്രമാണ്. സി.പി.എംവോട്ടിന്റെ കരുത്തില്‍ മാത്രം ജയിക്കുന്നവരാണിവര്‍.
പി.ജെ ജോസഫിന്റെ അനുയായികളാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്സുണ്ടാക്കി ഇടതു പാളയത്തിലെത്തിയത്. മുന്‍ ഇടുക്കി എം.പി ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവരാണ് ഈ പാര്‍ട്ടിയുടെ നേതാക്കള്‍.
ഇവരെയും കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തെയും ഒപ്പം കൂട്ടാനാണ് ജോസഫ് ശ്രമിക്കുന്നത്. ലയനമാണ് ലക്ഷ്യം.
ഇതുവഴി കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ജോസ്.കെ മാണി വിഭാഗത്തെ പ്രതിരോധത്തിലാക്കാമെന്നാണ് ജോസഫ് കരുതുന്നത്. കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് കിട്ടണമെന്ന വാശിയിലാണ് ജോസഫ് വിഭാഗം. സീറ്റിനായി മുന്നണിയില്‍ സമ്മര്‍ദ്ദം ശക്തിയാക്കാനും ലയനം ഗുണം ചെയ്യുമെന്നാണ് ജോസഫിന്റെ കണക്കു കൂട്ടല്‍. ചില കോണ്‍ഗ്രസ്സ് നേതാക്കളുടെ പിന്തുണയും ലയന നീക്കത്തിനുണ്ടായിരുന്നു.
എന്നാല്‍ ആ നീക്കവും ഇപ്പോള്‍ പാളിയിരിക്കുകയാണ്. ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂരാണ് ലയന നീക്കം പൊളിച്ചിരിക്കുന്നത്. മുന്‍ മന്ത്രി കൂടിയായ അനൂപ് ജേക്കബിനെ അദ്ദേഹം ശരിക്കും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. താനറിയാതെ അനൂപ് ജേക്കബ് യോഗത്തിന് പോയതാണ് ജോണിയെ പ്രകോപിപ്പിച്ചത്.
ലയന നീക്കവുമായി ജോസഫ് മുന്നോട്ട് പോയത് കോണ്‍ഗ്രസ്സ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് ജോസ്.കെ മാണി വിഭാഗം കരുതുന്നത്.അനൂപ് ജേക്കബ് പാര്‍ട്ടി ചെയര്‍മാനോട് ആലോചിക്കാതെ യോഗത്തിന് പോയതും അസാധാരണമായാണ് അവര്‍ നോക്കി കാണുന്നത്.
കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ മൗനാനുവാദം ഇല്ലാതെ ഇത്തരമൊരു സാഹസത്തിന് ഒരിക്കലും അനൂപ് ജേക്കബ് മുതിരുകയില്ലന്നാണ് ജോസ് വിഭാഗം കരുതുന്നത്.
ഈ സാഹചര്യത്തില്‍ ഇനിയും യു.ഡി.എഫില്‍ തുടര്‍ന്നിട്ട് കാര്യമില്ലന്ന വിലയിരുത്തലിലാണ് ജോസ്.കെ മാണി. യു.ഡി.എഫിലെ ഈ ഭിന്നത മുതലെടുക്കാന്‍ കൂടിയാണ് സി.പി.എം ഇപ്പോള്‍ കരുനീക്കം നടത്തിയിരിക്കുന്നത്.
കെ.എം മാണിയുടെ പേരില്‍ പാലായില്‍ സ്മാരകം പണിയാന്‍ 5 കോടി രൂപയാണ് ബജറ്റില്‍ സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്.ഇതിന് രാഷ്ട്രീയ മാനം ഏറെയാണ്. തീരുമാനത്തിന് മുഖ്യമന്ത്രിയോട് നന്ദി പറയുന്നുവെന്നാണ് ജോസ് കെ മാണി പ്രതികരിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച മാണിയോടുള്ള സ്‌നേഹമല്ല ഈ നടപടിക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വവും കരുതുന്നത്. കെ.എം മാണി ആരംഭിച്ച കാരുണ്യ പദ്ധതി തുടരുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്. ജോസ്.കെ മാണി വിഭാഗത്തെ സംബന്ധിച്ച് ഇടതുപക്ഷത്തേക്ക് ചായാന്‍ ഈ പ്രഖ്യാപനങ്ങള്‍ തന്നെ ഏറെയാണ്.
ജോസ് കെ മാണി വിഭാഗം കൈവിട്ടാല്‍ മധ്യമേഖലയിലെ യു.ഡി.എഫിന്റെ അടിത്തറയാണ് തകരുക. ഇടതുപക്ഷത്തെ സംബന്ധിച്ച് തുടര്‍ ഭരണം കൂടുതല്‍ എളുപ്പമാക്കാനും ഇതുവഴി കഴിയും.
Political news