ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇംഫാലിലെ ന്യൂ ലാംബോലാന്‍ മേഖലയില്‍ നിന്ന് 10 കുക്കി കുടുംബങ്ങളെ ഒഴിപ്പിച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് കുക്കികളെ ഒഴിപ്പിച്ചത്. മെയ്തി ഭീഷണികള്‍ക്കിടെ ഒഴിഞ്ഞുപോകാന്‍ ഇവര്‍ തയാറായിരുന്നില്ല. കാങ്പോക്പിയിലേക്കാണ് ഇവരെ നിലവില്‍ മാറ്റിയത്. എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ നടപടി ഏറെ ബുദ്ധിമുട്ടിച്ചെന്നും രാത്രിയാണ് എന്നത് പോലും കണക്കിലെടുക്കാതെയായിരുന്നു നടപടിയെന്നും കുക്കി കുടുംബങ്ങള്‍ പറഞ്ഞു. അതിനിടെ, സംസ്ഥാനത്ത് തുടരുന്ന സംഘര്‍ഷങ്ങളില്‍ ഇന്ന് മുതല്‍ ഈമാസം 21 വരെ ബ്ലാക്ക് സെപ്റ്റംബര്‍ ആചരിക്കുമെന്ന് മെയ്തി സംഘടന അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം മണിപ്പൂരില്‍ വീണ്ടും വെടിവെപ്പുണ്ടായിരുന്നു. മൊയ്‌റാങ്ങിലെ നരന്‍സീനയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നരന്‍സീനയില്‍ കഴിഞ്ഞ മാസം 29ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടങ്ങിയ സംഘര്‍ഷമാണ് ഇപ്പോഴും തുടരുന്നത്. പൊലീസുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ഇതുവരെ ഇവിടെ പരിക്കേറ്റിട്ടുണ്ട്. അതിനിടെ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും കുക്കികള്‍ സംസ്ഥാനത്ത് ആക്രമം നടത്തുകയാണെന്നും ആരോപിച്ച് മെയ്‌തെയ് സംഘടന പ്രതിഷേധം പ്രഖ്യാപിച്ചു. ഈ മാസം 21 വരെ ‘കറുത്ത സെപ്തംബര്‍’ ആചരിക്കാനാണ് തീരുമാനം.