ആലപ്പുഴ: ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയില്‍ ദേശീയപാത നിര്‍മാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലി സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെ മണ്ണെടുക്കാന്‍ വന്ന ലോറികള്‍ നാട്ടുകാര്‍ തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. പൊലീസ് സ്ഥലത്തെത്തിയതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വലിയ രീതിയിലുള്ള സംഘര്‍ഷാവസ്ഥയാണ് സ്ഥലത്ത് നിലനിന്നിരുന്നത്.
പുലര്‍ച്ചെ നാലിന് നടന്ന ഈ സംഭവത്തിന് പിന്നാലെ രാവിലെ റോഡ് ഉപരോധ സമരം ഉള്‍പ്പെടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധസമരവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാന്‍ തുുടങ്ങി. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊലീസ് സ്ഥലത്തുനിന്ന് പിന്‍വാങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി നാട്ടുകാരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. മണ്ണെടുപ്പ് മൂലം പാറ്റൂര്‍ കുടിവെള്ള ടാങ്ക് തകരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേശീയപാത നിര്‍മാണത്തിനായുള്ള മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
പുലര്‍ച്ചെയിലെ പ്രതിഷേധത്തിനുശേഷം രാവിലെ ഒമ്പതോടെയാണ് മാവേലിക്കര എംഎല്‍എ എം.എസ് അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകളെത്തി ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. റോഡ് ഉപരോധിച്ചവരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കാനുള്ള നടപടി ആരംഭിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. സമാധാനപരമായി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവര്‍ക്കുനെരെ പെട്ടെന്ന് പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.പ്രദേശത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.