കോഴിക്കോട്: പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ വില്‍പ്പനക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നവരെ മാര്‍ക്കറ്റ് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. പഞ്ചായത്തിലെ 15, 5 വാര്‍ഡുകളിലും മത്സ്യമാര്‍ക്കറ്റിലും നാലോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതും സി.ആര്‍.പി.സി 144 പ്രകാരം നിരോധിച്ചു.
സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ ആളുകളുടെയും പട്ടിക തയ്യാറാക്കാന്‍ റൂറല്‍ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും റൂം ക്വാറന്റീനില്‍ പ്രവേശിക്കണം. ഇവര്‍ ക്വാറന്റീനില്‍ കഴിയുന്നുവെന്ന് വാര്‍ഡ് ആ.ആര്‍.ടികള്‍ ഉറപ്പ് വരുത്തണം. ഇക്കാര്യത്തില്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണവും ഉണ്ടാവും.
സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ പേരേയും കോവിഡ് ടെസ്റ്റിന് വിധേയരാക്കും. ലക്ഷണങ്ങള്‍ കാണിക്കുന്നവരെ ഉടന്‍ പരിശോധിക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിലെ മത്സ്യ വില്‍പനക്കാര്‍ തമ്മിലാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. മാര്‍ക്കറ്റില്‍ വില്‍പ്പന നടത്താന്‍ അവസരം വേണമെന്ന ആവശ്യവുമായി സിഐടിയു പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ഇവരെ മാര്‍ക്കറ്റില്‍ കച്ചവടം നടത്തിവന്ന എസ്.ടി.യു വിഭാഗം തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.