തിരുവന്തപുരം: യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം വീണ്ടും രൂക്ഷമാകുമ്പോള്‍ സ്ഥാനത്ത് തുടരുന്നതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന നിലപാട് കടുപ്പിച്ച് ഡീന്‍ കുര്യാക്കോസും സി ആര്‍ മഹേഷും. പുറത്തുപോകാന്‍ അവസരം തേടി കെപിസിസിക്ക് കത്തുനല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് മഹേഷ് പറഞ്ഞു.
തങ്ങളുടെ ഇഷ്ടപ്രകാരമല്ല സ്ഥാനത്ത് തുടരുന്നതെന്നും എംപിയായി തെരഞ്ഞെടുത്തപ്പോള്‍ തന്നെ താന്‍ രാജിക്കത്ത് നല്‍കിയിരുന്നുവെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. എന്നാല്‍ നേതൃത്വം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.
ഡീന്‍ കുര്യാക്കോസും സി ആര്‍ മഹേഷും പ്രസിഡന്റും വൈസ് പ്രസിഡന്റുമായ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി കാലാവധി ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇരുവരും സ്ഥാനം രാജിവെച്ച് പുതിയ തലമുറയ്ക്ക് അവസരം കൊടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.
പുനഃസംഘടന നടത്താതത് ഒരുതലമുറയോട് കാണിക്കുന്ന വലിയ അനീതിയാണ്. രാജിവെക്കാന്‍ തയ്യാറാണെന്ന പതിവ് പ്രതികരണം വേണ്ട. രണ്ടുപേരും രാജിവെച്ച് യൂത്ത് കോണ്‍ഗ്രസ്സ് പുനഃസംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം. രാഹുല്‍ ഗാന്ധി രാജിവെച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങള്‍ രാജി വച്ചാല്‍ ഉണ്ടാകില്ലെന്ന് സ്ഥാനത്ത് തുടരാന്‍ നിര്‍ബന്ധിക്കുന്നവരോട് പറയണമെന്നും മാത്യു കുഴല്‍നാടന്‍ ഇന്നലെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.