യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ മേഖലയിലെ മറ്റിടങ്ങളിലേക്കും സംഘര്‍ഷം വ്യാപിക്കും: മുന്നറിയിപ്പുമായി ജി.സി.സി

ദോഹ: ഇസ്രായേല്‍ അധിനിവേശസേനയുടെ ഗസ്സ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് 44ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി.

യുദ്ധം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ മേഖലയിലെ മറ്റിടങ്ങളിലേക്കും സംഘര്‍ഷം വ്യാപിക്കുമെന്നും ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെതന്നെ സുരക്ഷക്കും സമാധാനത്തിനും തിരിച്ചടിയാകുമെന്നും ദോഹയില്‍ സമാപിച്ച ഉച്ചകോടി മുന്നറിയിപ്പ് നല്‍കി.

ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെട്ട്, യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കണമെന്നും ഫലസ്തീനികളുടെ സമാധാനം ഉറപ്പാക്കണമെന്നും ആറ് ഗള്‍ഫ് രാഷ്ട്ര നേതാക്കളും തുര്‍ക്കി പ്രസിഡന്റും പങ്കെടുത്ത ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. മേഖലയിലേക്കുള്ള മാനുഷികസഹായങ്ങള്‍ എത്തിക്കുന്നതിനായി അടിയന്തര വെടിനിര്‍ത്തലിനും യുദ്ധം അവസാനിപ്പിക്കാനുമായി സാധ്യമായ എല്ലാ നയതന്ത്ര ശ്രമങ്ങളും ഉറപ്പാക്കണം.

‘സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരപരാധികളായ ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ നടപടിയില്‍ നടുക്കം രേഖപ്പെടുത്തുന്നു. സിവിലിയന്‍ സംവിധാനങ്ങള്‍ക്കെതിരായ വിവേചനരഹിതമായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്‌നമായ ലംഘനമാണ്’ -സംയുക്ത പ്രസ്താവന വിശദീകരിക്കുന്നു.

അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷം ദോഹ ആതിഥേയത്വം വഹിച്ച ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്‌മൂദ് അല്‍ സഈദ്, കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി എന്നിവര്‍ക്കൊപ്പം സൗഹൃദരാഷ്ട്ര പ്രതിനിധിയായി തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പങ്കെടുത്തു.

ഗസ്സയുടെ പുനര്‍നിര്‍മാണത്തിനായി നേരത്തേയുള്ള തീരുമാനപ്രകാരം ജി.സി.സി രാജ്യങ്ങള്‍ ഇനിയും ശക്തമായി നിലകൊള്ളും. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും മാനുഷിക സഹായമെത്തിച്ചും ഫലസ്തീന്‍ സഹോദരങ്ങളെ ചേര്‍ത്തുനിര്‍ത്തും. 2009ലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സഹായം ഇനിയും തുടരുമെന്നും ഗസ്സയുടെ പുനര്‍നിര്‍മാണത്തില്‍ ജി.സി.സി രാജ്യങ്ങളും ഭാഗമാവുമെന്നും സംയുക്ത പ്രസ്താവന ചൂണ്ടിക്കാണിച്ചു.

Top