കൊച്ചി:ബിജു രാധാകൃഷ്ണന്റെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ 10ന് വീണ്ടും സോളാര്‍ കമ്മീഷനില്‍ ഹാജരാകുമ്പോള്‍ സംഘര്‍ഷത്തിന് സാധ്യത.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖരായ ജന പ്രതിനിധികള്‍ക്കെതിരെ ആരോപണമുന്നയിച്ച് തെളിവൊന്നും നല്‍കാനില്ലെന്ന് പറഞ്ഞ് കൈകഴുകിപ്പോകാന്‍ ബിജു രാധാകൃഷ്ണനെ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്.
ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായി മടങ്ങുമ്പോള്‍ ശക്തമായ ‘പ്രതിഷേധം’ ഉയര്‍ത്താനാണ് പരിപാടി.
കേവലം അഴിമതി ആരോപണങ്ങള്‍ എന്നതിലുപരി വ്യക്തി ജീവിതം തകര്‍ക്കുന്ന തരത്തിലുള്ള പ്രതികരണം ബിജു രാധാകൃഷ്ണന്‍ നടത്തിയത് ഒരു കാരണവശാലും കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സരിതാ നായരുമായി ബന്ധപ്പെടുന്ന ദൃശ്യം തന്റെ കൈവശമുണ്ടെന്നായിരുന്നു ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്.
തന്റെ കൈവശം തെളിവുണ്ടെന്ന് പിന്നീട് പുറത്തിറങ്ങവെ മാധ്യമ പ്രവര്‍ത്തകരോടും ബിജു രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ബിജുവിന്റെ പരാമര്‍ശം വലിയ വാര്‍ത്തയാക്കുകയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷം കൂടി ബിജു രാധാകൃഷ്ണന്റെ ആരോപണത്തിന്റെ വസ്തുത പുറത്ത് വരണമെന്ന നിലപാട് സ്വീകരിച്ചത് നിയമസഭയിലും ബഹളമയമായ അന്തരീക്ഷം സൃഷ്ടിച്ചു.
സോഷ്യല്‍ മീഡിയയില്‍ കൂടിയായിരുന്നു ഏറ്റവും അധികം ആക്രമണം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുവാങ്ങിയിരുന്നത്.
വിവാദ മൊഴി നല്‍കിയതിന് ശേഷം തൊട്ടടുത്ത ദിവസം നടന്ന തെളിവെടുപ്പില്‍ ഇതുസംബന്ധമായ ദൃശ്യങ്ങളടങ്ങിയ സിഡി ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ബിജു രാധാകൃഷ്ണനോട് ആവശ്യപ്പെടുകയായിരുന്നു.
പത്ത് ദിവസത്തെ സാവകാശമാണ് ബിജു ആവശ്യപ്പെട്ടതെങ്കിലും അഞ്ച് ദിവസം മാത്രമാണ് കമ്മീഷന്‍ അനുവദിച്ചിരുന്നത്. ഇത് വരുന്ന പത്താം തിയതിയായതിനാല്‍ അന്ന് തെളിവുകള്‍ സഹിതം ഹാജരാകാനാണ് ബിജു രാധാകൃഷ്ണന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിനായി ജയിലില്‍ അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുവദിക്കണമെന്ന് കമ്മീഷന്‍ ജയില്‍ അധികൃതരോട് നിര്‍ദ്ദേശിച്ചിരുന്നു.
ബിജു രാധാകൃഷ്ണന്റെ പക്കല്‍ ഒരു സിഡിയും ഇല്ലെന്നും, ബ്ലാക്ക്‌മെയിലിംഗിന്റെ ഭാഗമായാണ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിയും തെളിവുകള്‍ പുറത്ത് വിടാന്‍ ആര്യാടന്‍ ഷൗക്കത്തും മന്ത്രി ഷിബു ബേബി ജോണും വെല്ലുവിളിക്കുക കൂടി ചെയ്തതോടെയാണ് ‘പ്രതികരണവുമായി’ രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം സോളാര്‍ക്കമ്മീഷനു മുന്നില്‍ ഹാജരായി മടങ്ങവേ സരിതാ നായരും ബിജുവിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.