കായംകുളം: കട്ടച്ചിറ സെന്റ് സെന്റ് മേരിസ് പള്ളിയില്‍ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് വിശ്വാസികളും യാക്കോബായ വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രദേശത്ത് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുലര്‍ച്ചെ ഏഴോടെയാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവും തുടങ്ങിയത്.
പള്ളിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി കാലങ്ങളായി ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അനുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്നും വന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഇന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയിലെത്തി ആരാധന നടത്താനുള്ള ശ്രമത്തിനിടെയാണ് തര്‍ക്കമുണ്ടായത്. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കയറുന്നത് തടയുമെന്ന് യാക്കോബായ വിഭാഗം പ്രഖ്യാപിച്ചതോടെ പോലീസ് ഇടപെട്ടു. ഇതോടെ ഒരു വിഭാഗം കെപി റോഡില്‍ ഉപരോധം സൃഷ്ടിച്ച് ഗതാഗതവും തടസപ്പെടുത്തി.
തര്‍ക്കം കൈയ്യാങ്കളിയില്‍ എത്തുമെന്ന് അറിഞ്ഞതോടെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. 14 ദിവസത്തേക്കാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. തര്‍ക്കത്തെ തുടര്‍ന്ന് പള്ളി താത്ക്കാലികമായി പൂട്ടി.