എം.എല്‍.എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടില്‍ തമ്മില്‍ത്തല്ല്; ആനന്ദ് സിങിന്റെ ഭാര്യ നിയമനടപടിക്ക്

മുംബൈ: റിസോര്‍ട്ടില്‍വച്ച് ഭര്‍ത്താവിനെ ആക്രമിച്ച ജെ.എന്‍ ഗണേഷ് എം.എല്‍.എയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ ഭാര്യ രംഗത്ത്. ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വച്ച് മര്‍ദ്ദനമേറ്റ ആനന്ദ് സിങ് എം.എല്‍.എ ആശുപത്രിയില്‍ കഴിയുകയാണ്. ആനന്ദ് സിങിന്റെ ഭാര്യ ലക്ഷ്മി സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗണേഷ് തന്റെ ഭര്‍ത്താവിനെ ആക്രമിച്ചുവെന്ന വാര്‍ത്ത സത്യമാണെന്നും താനും മക്കളും നിശബ്ദത പാലിക്കുമെന്ന് കരുതേണ്ടെന്നും മുംബൈയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ നേതൃത്വം റിസോര്‍ട്ടിലേക്ക് മാറ്റിയത്. റിസോര്‍ട്ടില്‍ കഴിയുന്നതിനിടെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മിലടിക്കുകയും ആനന്ദ് സിങ്ങിനെ ജെ.എന്‍ ഗണേഷ് കുപ്പികൊണ്ട് തലയ്ക്കടിക്കുകയും ചെയ്തുവെന്നാണ് പുറത്തുവന്ന വിവരം. ബെല്ലാരി ജില്ലക്കാരാണ് ഇരുവരും.

അതേസമയം ആക്രമണത്തിന് പിന്നിലുള്ള പ്രകോപനം എന്താണെന്ന് അറിയില്ലെന്ന് ലക്ഷ്മി സിങ് പറഞ്ഞു. പ്രകോപനം ഉണ്ടായാല്‍തന്നെ ഒരാളെ കൊല്ലാന്‍ ശ്രമിക്കാമോ.? അത് ശരിയാണോയെന്നും അവര്‍ ചോദിച്ചു.ആനന്ദ് സിങ്ങും ഗണേഷും തമ്മില്‍ മുമ്പ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍, അടുത്തിടെ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിനിടെ ഭീമാ നായിക്ക് എം.എല്‍.എയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഭര്‍ത്താവ് തന്നോട് പറഞ്ഞിരുന്നു. തന്റെ സഹോദരനും ബന്ധുക്കളും ആശുപത്രിയിലുണ്ട്. എന്നാല്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ തനിക്ക് ഇതുവരെ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. നിരവധി തവണ ഫോണില്‍ വിളിച്ചുവെങ്കിലും അദ്ദേഹം ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചത്. മന്ത്രി ഡി.കെ ശിവകുമാറുമായി തന്റെ മകന്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞുവെന്നും ലക്ഷ്മി സിങ് മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top