ദേശീയ പതാകയേന്തി നില്‍ക്കുന്ന നെഹ്‌റു; പ്രൊഫൈല്‍ പിക്ചര്‍ ക്യാമ്പയിനുമായി കോണ്‍ഗ്രസ്

ഡൽഹി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കിയുള്ള ബിജെപി ക്യാമ്പയിന് ബദല്‍ ക്യാമ്പയിനുമായി കോണ്‍ഗ്രസ്. ദേശീയ പതാകയേന്തി നില്‍ക്കുന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രൊഫൈല്‍ ചിത്രമാക്കിയാണ് കോണ്‍ഗ്രസ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയ് റാം രമേശ് അടക്കമുള്ള നേതാക്കളും പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും ദേശീയ പതാകയുടെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കിയിരുന്നു. എല്ലാവരും ത്രിവര്‍ണ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനില്‍ പങ്കുചേര്‍ന്ന് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും മോദി ഓര്‍മിപ്പിച്ചു.

‘നമ്മുടെ ത്രിവര്‍ണ പതാക രാജ്യത്തിന്റെ അഭിമാനമാണ്. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലാണ് ത്രിവര്‍ണ പതാക’- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ആര്‍എസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിക്കാന്‍ നരേന്ദ്ര മോദി ക്യാമ്പയിന്‍ നടത്തണമെന്ന് ജയ് റാം രമേശ് പറഞ്ഞു.

‘നെഹ്‌റു പതാകയേന്തി നില്‍ക്കുന്ന ചിത്രം ഞങ്ങള്‍ പ്രൊഫൈല്‍ ചിത്രമാക്കി. എന്നാല്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഉള്ളവര്‍ പോലും കേട്ടില്ല. 52 വര്‍ഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് പതാക ഉയര്‍ത്താത്തവര്‍ പ്രധാനമന്ത്രിയെ അനുസരിക്കുമോ?’- അദ്ദേഹം കുറിച്ചു.

Top