കൊല്‍ക്കത്ത: ബംഗാളിലെ മഹേശ്തല്ല മണ്ഡലത്തില്‍ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ്സ്. തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് എം.എല്‍.എ. കസ്തൂരി ദാസിന്റെ മരണത്തെ തുടര്‍ന്നാണ് മഹേശ്തല്ല മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രഭാത് ചൗധരിയാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി.
മേയ് 28-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്സിന് താത്പര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് അബ്ദുള്‍ മന്നന്‍ അറിയിച്ചിരുന്നു. ‘2016-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ബി.ജെ.പി.ക്കും തൃണമൂലിനുമെതിരേ സി.പി.എമ്മിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കാനാണ് കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ സി.പി.എം. സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് മന്നന്‍ പറഞ്ഞു.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.എമ്മും സഖ്യം ചേര്‍ന്നിരുന്നെങ്കിലും സി.പി.എം. കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സഖ്യം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞമാസംനടന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാന്‍ ധാരണയായിട്ടുണ്ട്.
മഹേശ്തല്ല മണ്ഡലത്തിലെ എം.എല്‍.എ.യായിരുന്ന കസ്തൂരിദാസിന്റെ ഭര്‍ത്താവ് ദുലാല്‍ ദാസാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. ബി.ജെ.പി. ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.