അഹമ്മദാബാദ്: ഗുജറാത്തില്‍ ഭരണം പിടിക്കാനുള്ള സുവര്‍ണ്ണാവസരം ഒഴിവായത് ബി.ജെ.പിയുടെ തരംതാണ പ്രചരണം മൂലമെന്ന് കോണ്‍ഗ്രസ്സ്.
പാക്കിസ്ഥാന്‍ ഉന്നതരുമായി കോണ്‍ഗ്രസ്സ് ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി എന്ന് തുടങ്ങി അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെന്ന് വരെയുള്ള പ്രചരണങ്ങളാണ് തങ്ങള്‍ക്ക് വിനയായതെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം പറയുന്നത്.
ഇത് ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ട് കേന്ദ്രീകരണം ലക്ഷ്യമിട്ടായിരുന്നുവെന്നാണ് ആരോപണം.
കോണ്‍ഗ്രസ്സ് ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും ഉയര്‍ത്തിക്കാട്ടാഞ്ഞിട്ട് പോലും രാജ്യസഭാംഗമായ അഹമ്മദ് പട്ടേലിനെ ബി.ജെ.പി കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുകയായിരുന്നു.
ഈ തെറ്റായ പ്രചരണം ന്യൂനപക്ഷ സമുദായത്തിലെ ഒരാള്‍ മുഖ്യമന്ത്രിയാവാന്‍ പോകുന്നു എന്ന പ്രതീതി ഉയര്‍ത്തുന്നതിന് വേണ്ടി മാത്രമായിരുന്നു.
ശരിയായ രൂപത്തില്‍ രാഷ്ട്രീയം പറഞ്ഞാണ് ബി.ജെ.പി പ്രചരണം നടത്തിയതെങ്കില്‍ അവര്‍ വിജയിക്കില്ലായിരുന്നുവെന്നും കോണ്‍ഗ്രസ്സ് നേതൃത്വം ചൂണ്ടിക്കാട്ടി.
ഭരണത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും സീറ്റുകളുടെ എണ്ണത്തിലും വോട്ടിങ് ശതമാനത്തിലും വന്‍ നേട്ടമുണ്ടാക്കാന്‍ പറ്റിയതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും നേതാക്കളും.