നേതാക്കളുടെ വാക്കേറ്റം; കോണ്‍ഗ്രസ് അവലോകന യോഗം മാറ്റിവെച്ചു

mullappally

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് അവലോകനയോഗം നേതാക്കളുടെ വാക്കേറ്റത്തെ തുടര്‍ന്ന് മാറ്റിവച്ചു. ബിജെപിക്ക് വോട്ട് വിറ്റെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തന്നെ ആരോപിച്ചതോടെയാണ് വാഗ്വാദത്തിന് വഴിവച്ചത്. കൊല്ലത്തും പത്തനംതിട്ടയിലും ഡിസിസിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.

തോറ്റതിന്റെ കാരണവും തിരുത്തല്‍ മാര്‍ഗവും കണ്ടെത്താന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും നേതൃത്വത്തിലാണ് അവലോകനയോഗം ചേര്‍ന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഒരാളില്‍ കെട്ടിവയ്ക്കരുതെന്നും കെപിസിസിക്കും ഉത്തരവാദിത്വമുണ്ടെന്നും വി.എസ്.ശിവകുമാര്‍ എംഎല്‍എ പറഞ്ഞതോടെ എതിര്‍പ്പുമായി കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ് എഴുന്നേറ്റു.

ബിജെപിയുമായുള്ള അഡ്ജസ്റ്റ്‌മെന്റാണ് നടന്നതെന്നും തെളിവുണ്ടെന്നും സുരേഷ് വാദിച്ചു. തലസ്ഥാനത്ത് തുടര്‍ച്ചയായി ജയിക്കുന്ന എംഎല്‍എമാര്‍ അവരുടെ ഭാവിക്ക് വേണ്ടി ബിജെപിയെ പിണക്കാതെ കൂടെനിര്‍ത്തുകയാണെന്നും ആരോപിച്ചു. ഇത് തര്‍ക്കത്തിന് വഴിവച്ചതോടെ ക്രിസ്മസ് കഴിഞ്ഞ് മറ്റൊരു ദിവസം യോഗം കൂടാമെന്ന് നിശ്ചയിച്ച് പിരിയുകയായിരുന്നു.

ജില്ലാതല അവലോകനയോഗങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതോടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സാന്നിധ്യത്തില്‍ 27ന് രാഷ്ട്രീയകാര്യസമിതി യോഗം ചേരും.

Top