പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗിന്നസ് ലോക റെക്കാഡില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇതിനായി ബ്രിട്ടണിലെ ഗിന്നസ് വേള്‍ഡ് റെക്കാഡ് അധികൃതര്‍ക്ക് ഔദ്യോഗികമായി കത്തയച്ചതായി ഗോവന്‍ കോണ്‍ഗ്രസ് ഘടകം അറിയിച്ചു.
ഏറ്റവും കൂടുതല്‍ വിദേശയാത്രകള്‍ നടത്തിയെന്ന റെക്കാഡിന് മോദി അര്‍ഹനാണെന്നും തങ്ങളുടെ അപേക്ഷ പരിഗണിക്കണമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.
ഇന്ത്യയുടെ പൊതുമുതല്‍ ഉപയോഗിച്ച് നാല് വര്‍ഷത്തിനിടെ 52 രാജ്യങ്ങളില്‍ 41 യാത്രകള്‍ നടത്താന്‍ നരേന്ദ്ര മോദിക്കായി, ഇതിനോടിടയ്ക്ക് തന്നെ 335 കോടി രൂപ തന്റെ യാത്രകള്‍ക്കായി ഉപയോഗിച്ചെന്നത് അഭിമാനകരമാണെന്നും അദ്ദേഹം ഗിന്നസ് വേള്‍ഡ് റെക്കാഡ് അധികൃതര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
മാത്രമല്ല, നരേന്ദ്ര മോദി ഇന്ത്യയിലെ വരുംതലമുറകള്‍ക്ക് മാതൃകയാണെന്നും, തന്റെ കാലയളവില്‍ അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 69.03ലേക്ക് താഴ്ത്തി ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയാക്കാനും മോദിക്ക് സാധിച്ചെന്നും, ഇത്തരം നല്ലകാര്യങ്ങള്‍ ചെയ്ത മോദിയെ ഗിന്നസ് റെക്കാഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്നും കോണ്‍ഗ്രസ് കത്തില്‍ കൂട്ടിച്ചേര്‍ത്തു.