ന്യൂഡല്‍ഹി: കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരേ അവകാശലംഘന പ്രമേയം കൊണ്ടു വരുമെന്ന് കോണ്‍ഗ്രസ്. ലോക്‌സഭയിലും രാജ്യസഭയിലുമായിരിക്കും പ്രമേയം കൊണ്ടുവരിക. ഹൈദരബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഭയെ തെറ്റിദ്ധരിപ്പെച്ചെന്നാരോപിച്ചാണ് പ്രമേയം കൊണ്ടുവരുന്നത്.
രോഹിത് വേമുലയുടെ ആത്മഹത്യയെച്ചൊല്ലി രാജ്യസഭയില്‍ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും ബിഎസ്പി നേതാവ് മായാവതിയുമായി കനത്ത വാക്‌പോരാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
രോഹിതിനെ പരിശോധിക്കാന്‍ വിദ്യാര്‍ഥികള്‍ ഡോക്ടറെ വിദ്യാര്‍ഥികള്‍ അനുവദിച്ചിരുന്നില്ലെന്നു സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. രോഹിതിനെ ആത്മഹത്യയിലേക്കു തള്ളിവിടാന്‍ തക്കതായി ഫെലോഷിപ്പ് തടഞ്ഞുവച്ചിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷം നവംബറില്‍ 54,000 രൂപ നല്‍കിയതാണെന്നും ഇന്നലെ സ്മൃതി പറഞ്ഞു. കുറച്ചു തുക നല്‍കാനുണ്ടായിരുന്നത് രോഹിത് ചില കടലാസുകള്‍ ലഭ്യമാക്കാഞ്ഞതിനാലാണെന്നും മന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ രോഹിതിനെ പരിശോധിക്കുന്നതില്‍ നിന്നും തന്നെ ആരും തടഞ്ഞിരുന്നില്ല എന്നതായിരുന്നു ഡോക്ടറുടെ മറുപടി. വിവരമറിയിച്ച ഉടന്‍ തന്നെ ക്യാംപസിലെത്തിയിരുന്നുവെന്നും രോഹിതിനെ പരിശോധിച്ചുവെന്നും താന്‍ എത്തുന്നതിനു മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. എസ്പിയുള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
സ്മൃതി ഇറാനിയുടെ പരാമര്‍ശത്തിനെതിരെ രോഹിതിന്റെ അമ്മ രാധിക വേമുലയും രംഗത്തെത്തിയിരുന്നു.