സിൽവർലൈൻ പദ്ധതി നടപ്പാക്കാനുള്ള പുതിയ നീക്കത്തെ എതിർത്ത് കോൺ​ഗ്രസ്

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതി നടപ്പാക്കാനുള്ള പുതിയ നീക്കത്തെ എതിർത്ത് കോൺ​ഗ്രസ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. സിൽവർലൈൻ പദ്ധതി നടപ്പാക്കാനായുള്ള പുതിയ നീക്കം സിപിഎം-ബിജെപി ഡീലാണെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തു വന്നു. മോദി-പിണറായി അവിശുദ്ധ ബന്ധത്തിന്റെ പാലമാണ് കെ വി തോമസെന്നും കെ സി വേണു​ഗോപാൽ ആരോപിച്ചു.

സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് കോൺ​ഗ്രസ് എതിർപ്പുമായി രം​ഗത്തെത്തിയത്. ഇ ശ്രീധരന്റെ ബദൽ നിർദ്ദേശങ്ങൾ സജീവമായി ചർച്ച ചെയ്ത് മുന്നോട്ടു പോകാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയിൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും എന്നാണ് സൂചന. ശ്രീധരന്റെ നിർദേശത്തിൽ കെ റെയിൽ കോർപറേഷന്റെ അഭിപ്രായം കൂടി തേടും. ഡിപിഐര്‍ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്. ബിജെപി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സർക്കാറിന്റെ പ്രതീക്ഷ.

കേന്ദ്രം ചുവപ്പ് സിഗ്നൽ കാണിച്ചതോടെ വിസ്മൃതിയിലായ കെ റെയിൽ പുതുക്കിയ പാളത്തിലൂടെ ഓടിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ദില്ലിയിലെ കേരളത്തിന്റെ സ്പെഷൽ ഓഫീസർ പദവി വഹിക്കുന്ന പ്രൊഫ. കെ വി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മെട്രോമാൻ ഇ ശ്രീധരൻ ബദൽ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലെ കെ റെയിൽ പദ്ധതി അപ്രായോഗികമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഡിപിആർ തന്നെ മാറ്റണമെന്നും ഇ ശ്രീധരൻ പറയുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു ബദൽ. ഇത് വഴി ചെലവ് വൻതോതിൽ കുറയും, ഭൂമി വൻതോതിൽ ഏറ്റെടുക്കേണ്ട. അതേസമയം വേഗത കൂട്ടാൻ സ്റ്റാൻഡേഡ് ഗേജ് ആക്കി തന്നെ നിലനിർത്തണമെന്നും ഇ ശ്രീധരൻ നിര്‍ദ്ദേശിച്ചു.

Top