ക‍ർണാടക തെരഞ്ഞെടുപ്പിനുള്ള കോൺ​ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

ബെം​ഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 42 സീറ്റുകളിലേക്ക് ഉള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 58 സീറ്റുകളിൽ ഇപ്പോഴും ധാരണ ആയിട്ടില്ല. ബിജെപി വിട്ട് വന്ന ബാബുറാവു ചിൻചനാസുറിന് ഗുർമിത്കൽ സീറ്റ് നൽകാൻ തീരുമാനിച്ചപ്പോൾ എൻ വൈ ഗോപാൽകൃഷ്ണയ്ക്ക് മൊളക്കൽമുരു സീറ്റ് ആണ് നൽകിയിട്ടുള്ളത്. മെയ് 10നാണ് കർണാടക തെരഞ്ഞെടുപ്പ്.

അതേസമയം, കോലാർ ഇത്തവണത്തെ പട്ടികയിലും ഉൾപ്പെട്ടിട്ടില്ല. കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല. കൂടാതെ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്ക് ഇതുവരേയും സീറ്റ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ തവണ സിദ്ധരാമയ്യ മത്സരിച്ച ബദാമിയിലും ചാമുണ്ഡേശ്വരിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

രാജ്യത്തെ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലധികം വരുന്ന ജനത മെയ് 10ന് ജനവിധിയെഴുതും. 224 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിജെപിയും കോൺ​ഗ്രസും നേർ‌ക്കുനേർ പോരാട്ടത്തിനിറങ്ങുമ്പോൾ അനിവാര്യ ശക്തിയായി ജനതാദൾ എസും കളത്തിലുണ്ട്. ഇക്കുറിയും ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ജാതിസമവാക്യങ്ങൾക്ക് മേൽക്കെയ്യുള്ള മണ്ണാണ് കർണാടകയിലേത്. പ്രബലരായ ലിം​ഗായത്ത്, വൊക്കലി​ഗ സമുദായങ്ങളെ ഒപ്പം കൂട്ടി ഭരണം നിലനിർത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒബിസി വിഭാ​ഗത്തിലെ മുസ്ലീം സമുദായങ്ങൾക്കുള്ള നാല് ശതമാനം സംവരണം എടുത്തുമാറ്റി ലിം​ഗായത്തുകൾക്കും വൊക്കലിഗർക്കുമായി തുല്യമായി വീതിച്ചു നൽകിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാൽ, യാതൊരു കുലുക്കവുമില്ലാതെ നിൽക്കുകയാണ് ബസവരാജ് ബൊമ്മൈ സർക്കാർ. ഹിന്ദുത്വകാർഡിറക്കി തന്നെയാണ് ഇക്കുറിയും ബിജെപി തെര‍ഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നത് എന്നത് വ്യക്തമാണ്.

Top