ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, മത്സരിക്കാന്‍ ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയും

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 125 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.

പട്ടികയില്‍ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം ഉന്നാവിലെ സ്ഥാനാര്‍ത്ഥിയാണ്. കുല്‍ദീപ് സിംഗ് സെംഗാര്‍ എന്ന ബിജെപി എംഎല്‍എ ബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയുടെ അമ്മയാണ് ഉന്നാവില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.

125ല്‍ 50 പേരും സ്ത്രീകളാണെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കിയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 125 പേരില്‍ 40 ശതമാനം സ്ത്രീകളും 40 ശതമാനം യുവാക്കളുമാണ്. അങ്ങനെ ഏതാണ്ട് 80 ശതമാനവും പരമാവധി പുതുമുഖങ്ങളെയാകും കോണ്‍ഗ്രസ് അണിനിരത്തുക. ചരിത്രപരമായ തീരുമാനത്തിലൂടെ ഒരു പുതിയ രാഷ്ട്രീയത്തിനാണ് യുപിയില്‍ കോണ്‍ഗ്രസ് തുടക്കം കുറിക്കുന്നത് എന്നാണ് പ്രിയങ്കാ ഗാന്ധി പറയുന്നത്.

ഉത്തര്‍പ്രദേശില്‍ ഏറ്റവുമാദ്യം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിടുകയാണ് കോണ്‍ഗ്രസ്. ബിജെപി, എസ്പി എന്നീ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിടാന്‍ ഒരുങ്ങുന്നതേയുള്ളൂ. അതിന് മുമ്പാണ് പതിവില്ലാത്ത വിധം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക നേരത്തേ പുറത്തുവിടുന്നത്.

Top