ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ഇടപാട് ഉന്നയിച്ച് ബഹളം വച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുകേന്ദു റോയിയെ രാജ്യസഭയില്‍ നിന്ന് ചെയര്‍മാന്‍ ഹമീദ് അന്‍സാരി ഇറക്കിവിട്ടു. ഇറ്റലിയിലെ കോടതിയിലെ കേസ് ഡയറിയില്‍ പറയുന്ന ഗാന്ധി ആരാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അടിയന്തര പ്രസ്താവന നടത്തണമെന്നും റോയി ആവശ്യപ്പെട്ടു.
എന്നാല്‍, രാജ്യസഭാ അദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരി ഇത് അനുവദിച്ചില്ല. കോപ്ടര്‍ വിവാദം സംബന്ധിച്ച് മന്ത്രി ബുധനാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് അന്‍സാരി പറഞ്ഞു. സഭ നിറുത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോയി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍,? അന്‍സാരി ഇത് തള്ളി. തുടര്‍ന്ന് ശൂന്യവേളയിലും ഈ പ്രശ്‌നം റോയി ഉന്നയിച്ചു. 3600 കോടിയുടെ ഹെലികോപ്ടര്‍ ഇടപാടില്‍ കൈക്കൂലി ലഭിച്ചത് ആര്‍ക്കൊക്കെയാണെന്ന് അദ്ദേഹം ചോദിച്ച് ബഹളം തുടര്‍ന്നു.
അനുവാദമില്ലാതെ സംസാരിച്ചാല്‍ നടപടി നേരിടേണ്ടി വരുമെന്ന് അന്‍സാരി മുന്നറിയിപ്പ് നല്‍കിയെങ്കിലും സുകേന്ദു റോയ് ശാന്തനാവാന്‍ തയ്യാറായില്ല. എം.പിയുടെ മര്യാദയ്ക്ക് ചേരാത്ത പ്രവൃത്തിയാണിതെന്ന് അന്‍സാരി പറഞ്ഞെങ്കിലും രോയി ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് ചട്ടം 255 പ്രകാരം ഒരു ദിവസത്തേക്ക് റോയിയെ പുറത്താക്കുന്നതായി അദ്ധ്യക്ഷന്‍ അറിയിച്ചത്. റോയിയോട് ഇറങ്ങിപ്പോവാനും നിര്‍ദ്ദേശിച്ചു. ഇതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും സഭ ബഹിഷ്‌കരിച്ചു.
അതിനിടെ,. ഇറ്റലി പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി രഹസ്യ ധാരണ ഉണ്ടാക്കിയെന്ന് ആരോപിച്ച രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിനെതിരെ ബി.ജെപി അംഗം ഭൂപീന്ദര്‍ യാദവ് അവകാശലംഘന പ്രമേയത്തിന് നോട്ടീസ് നല്‍കി.