സംസ്ഥാനത്ത് ബിജെപിയെ മുഖ്യ എതിരാളിയാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ ബിജെപിയെ മാത്രം ഒറ്റതിരിഞ്ഞ് വിമര്‍ശനം ഉന്നയിക്കുന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ കോണുകളില്‍ നിന്ന് വ്യത്യസ്ത രീതിയിലുള്ള വിലയിരുത്തലുകള്‍ ഉയരുന്നത്. കോടതി വിധി നടപ്പിലാക്കണമെന്ന് സിപിഎം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ബിജെപിയും കോണ്‍ഗ്രസ്സും കോടതി വിധി നടപ്പിലാക്കുന്നതിനനുവദിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. അതേസമയം സിപിഎമ്മാകട്ടെ ഈ വിഷയത്തില്‍ മിക്കപ്പോഴും ബിജെപി നേതാക്കളെയാണ് പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നത്. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്
ക്രിസ്ത്യന്‍- മുസ്ലീം മതവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍. നിലവില്‍ ഈ രണ്ട് വിഭാഗങ്ങളിലെ ബഹുഭൂരിപക്ഷവും കോണ്‍ഗ്രസ്സിനൊപ്പമാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലാണ് ഈ വര്‍ഗീയ ധ്രുവീകരണത്തിന്റെ സാധ്യത സിപിഎം തിരിച്ചറിഞ്ഞത്. കേരളത്തില്‍ ജനസംഖ്യാപരമായി വോട്ട് പരിശോധിച്ചാല്‍ ബിജെപിയുടെ ഹിന്ദുത്വ സ്വാധീന മണ്ഡലങ്ങളില്‍ പോലും അവര്‍ക്ക് സഹായകമായിട്ടില്ല. ബിജെപി സ്വന്തമാക്കുന്നത് കോണ്‍ഗ്രസ്സ് വോട്ടുകളാണെന്ന നിഗമനമാണ് സിപിഎമ്മിനുള്ളത്. അതേസമയം ബിജെപിയെ സംസ്ഥാനത്ത് മുഖ്യ എതിരാളിയായി കിട്ടിയാല്‍ അഞ്ച് വര്‍ഷം കൂടുമ്പോഴുള്ള ഭരണമാറ്റം അവസാനിപ്പിക്കാമെന്നും തുടര്‍ഭരണം ഒരുക്കാമെന്നും ചില സിപിഎം നേതാക്കള്‍ കണക്ക് കൂട്ടുന്നു.
സമരങ്ങള്‍ ആളിക്കത്തിക്കാന്‍ നേതൃത്വത്തിന് കഴിയാതെ വന്നത് ആണ് കോണ്‍ഗ്രസ്സിനെ പിന്നോട്ടടിക്കുന്നത്. കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി വന്നെങ്കിലും ശബരിമല വിഷയം രാഷ്ട്രീയ വിഷയമെന്നതിനപ്പുറം വൈകാരികവുമായി ഏറ്റെടുക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല. എന്നാല്‍ ബിജെപിയാകട്ടെ രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യുകയും ചെയ്തു. ദേശീയ നേതാക്കളെ വരെ കേരളത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതും ഇതിന്റെ വിജയമായാണ് സംസ്ഥാന നേതാക്കള്‍ ഉയര്‍ത്തി കാണിക്കുന്നത്. ബിജെപിയുടെ ഈ പ്രവര്‍ത്തനം കോണ്‍ഗ്രസ്സിനെ ക്ഷയിപ്പിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.
മാണിയുടെ കേരള കോണ്‍ഗ്രസ്സും മുസ്ലീം ലീഗുമാണ് യുഡിഎഫില്‍ കൃത്യമായി വോട്ടു ബാങ്കുകളുള്ള പാര്‍ട്ടികളെന്ന് സിപിഎമ്മിനറിയാം. ബിജെപി കടന്നു വരുന്നത് കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത വോട്ടു ബാങ്കായ എന്‍എസ്എസ് സ്വാധീന മേഖലകളിലായിരിക്കുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പിബി അംഗങ്ങള്‍ മുതല്‍ സൈബര്‍ പോരാളികള്‍ വരെ ബിജെപിയെ കടന്നാക്രമിക്കുന്നത്.
റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്