40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ബിജെപിയും, കോണ്‍ഗ്രസും തമ്മില്‍ വാക്‌പോര്. പുല്‍വാമ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് കേന്ദ്ര സര്‍ക്കാരിന് നേരെ മൂന്ന് ചോദ്യങ്ങളുമായി ആദ്യ വെടിപൊട്ടിച്ചത്.
ആര്‍ക്കാണ് ഭീകരാക്രമണത്തിന്റെ ലാഭം കൂടുതല്‍ ലഭിച്ചതെന്നും, അക്രമം സംബന്ധിച്ച അന്വേഷണം എവിടെ എത്തിയെന്നും, സുരക്ഷാ വീഴ്ചയ്ക്ക് ബിജെപി സര്‍ക്കാരിലെ ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തോ തുടങ്ങിയ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഉന്നയിച്ചത്.
‘നാണമാകുന്നില്ലേ’ എന്ന് മറുചോദ്യം ഉന്നയിച്ചാണ് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു ഈ വിമര്‍ശനത്തിന് മറുപടി നല്‍കിയത്. ‘രാജ്യം പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോഴാണ് ലഷ്‌കര്‍, ജെയ്‌ഷെ മുഹമ്മദ് എന്നിവരോട് സഹതാപമുള്ള രാഹുല്‍, സര്‍ക്കാരിന് പുറമെ സുരക്ഷാ സേനകളെയും ലക്ഷ്യം വെയ്ക്കുകയാണ്. യഥാര്‍ത്ഥ പ്രതിയായ പാകിസ്ഥാനെ രാഹുല്‍ ഒരിക്കലും ചോദ്യം ചെയ്യില്ല’, റാവു പ്രതികരിച്ചു.
മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ പത്രസമ്മേളനം വിളിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. വലിയ ഇന്റലിജന്‍സ് പരാജയവും, സുരക്ഷാ വീഴ്ചയും സംബന്ധിച്ച് ചോദ്യം ഉയരുമ്പോള്‍ ബിജെപി സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നതായി ഷെര്‍ഗില്‍ ആരോപിച്ചു.
കോണ്‍ഗ്രസിന്റെ നിലപാട് രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ അപമാനിക്കലാണെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ തിരിച്ചടിച്ചു. ഇത് മുന്‍പും കോണ്‍ഗ്രസ് ചെയ്തിട്ടുണ്ട്, ജനങ്ങള്‍ ഈ മണ്ടത്തരങ്ങള്‍ക്ക് പാഠം പഠിപ്പിക്കും, ഹുസൈന്‍ പറഞ്ഞു.
പുല്‍വാമ അക്രമം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന്റെ കാരണമാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ തേടിയത്. തെരഞ്ഞെടുപ്പ് പ്രസംഗങ്ങളും, ഫോട്ടോ പരിപാടികളും കഴിഞ്ഞപ്പോള്‍ ബിജെപി രക്തസാക്ഷികളുടെ കുടുംബത്തിന് നല്‍കിയ ഉറപ്പ് മറന്നതായി കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും ആരോപിച്ചു. ദേശീയ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ രാഷ്ട്രീയമാക്കി ശീലമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നാണ് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി തിരിച്ചടിച്ചത്.