കണ്ണൂര്‍: കോണ്‍ഗ്രസ് ബ്ലോക്ക് പുനസംഘടനയില്‍ അതൃപ്തി പരസ്യമാക്കി രമേഷ് ചെന്നിത്തല. പുനസംഘടനയില്‍ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതിയുണ്ട്. അക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകേണ്ട സമയമാണിത്. വയനാട് ചേര്‍ന്ന ക്യാമ്പില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം നഷ്ടത്തിലാക്കി അദാനിക്കു കൊടുക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. മോഡിയുടെ ആസൂത്രിത നീക്കമാണോ എന്നാണ് സംശയം. എ ഐ ക്യാമറയിലൂടെ ജനങ്ങളെ പിഴിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് പണം ഉണ്ടാക്കിയ ആദ്യത്തെ മുഖ്യമന്ത്രി ആണ് പിണറായിയെന്നു തെളിഞ്ഞിരിക്കുകയാണ്. കമ്മീഷന്‍ അടിക്കുന്ന ജോലിയെ പറ്റി അല്ലാതെ വികസനത്തെ കുറിച്ചു സര്‍ക്കാര്‍ ചിന്തിക്കുന്നില്ല.
എ ഐ ക്യാമറയില്‍ ഉന്നയിച്ച ആരോപണത്തില്‍ എന്താണ് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാത്തത്. എ ഐ ക്യാമറയിലൂടെ ജനങ്ങളെ പിഴിഞ്ഞ് മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് പൈസ ഉണ്ടാക്കുകയാണ്. മുഖ്യമന്ത്രിക്കായി പ്രതിരോധിക്കാന്‍ ആരുമില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ മുഹമ്മദ് റിയാസ് മാത്രമാണുള്ളത്. അതിലെ അതൃപ്തി ആണ് റിയാസ് പരസ്യമാക്കിയത്. അഴിമതിയുടെ ആഴം മറ്റുള്ളവര്‍ക്കെല്ലാം അറിയാമെന്നും ചെന്നിത്തല പറഞ്ഞു.
കെപിസിസി പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് എം.എം ഹസ്സന്‍ കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചിരുന്നു. നേതാക്കള്‍ക്കിടയില്‍ വ്യാപകമായ പരാതിയുണ്ട്. കത്തിന് മറുപടി ലഭിച്ചശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ഹസന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസംഘടനയില്‍ അമര്‍ഷം പരസ്യമാക്കി എ ഗ്രൂപ്പും രംഗത്തെത്തിയിരുന്നു. സമവായത്തിലൂടെ പുനസംഘടനയെന്ന നിര്‍ദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാന്‍ തുറന്നടിച്ചു. അര്‍ദ്ധ രാത്രി വാട്‌സ് ആപ്പിലൂടെ നടത്തിയ പുനസംഘടന ജനാധിപത്യ പാര്‍ട്ടിക്ക് യോജിച്ചതല്ലെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.