കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. ഉമ്മന്‍ ചാണ്ടിയടക്കം 4 സിറ്റിങ് എംഎല്‍എമാരെ ലോക്‌സഭയിലേക്കു മല്‍സരിപ്പിക്കുന്ന കാര്യമാണ് നേതൃത്വത്തെ കുഴക്കുന്നത്. നാലു പേരും ലോക്‌സഭ മത്സരത്തില്‍ ജയിച്ചാലും നിയസഭ ഉപതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് യുഡിഎഫിന് വലിയ തിരിച്ചടിയാകും.
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടി, പാലക്കാട്ട് ഷാഫി പറമ്പില്‍, എറണാകുളത്ത് ഹൈബി ഈഡന്‍ എന്നിങ്ങനെയാണ് കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ ഇടം നേടിയവര്‍. വിജയസാധ്യത മുന്‍ നിര്‍ത്തിയാണ് ആലോചനകള്‍. ഇടുക്കി സീറ്റ് വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസും ശക്തമാക്കിയിട്ടുണ്ട്. രണ്ട് സീറ്റ് നിര്‍ബന്ധമായും വേണമെന്നാണ് പി. ജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.
ഹൈബിയില്ലെങ്കിലും എറണാകുളം കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമാണ്. എന്നാല്‍, അടൂര്‍ പ്രകാശില്ലാതെ കോന്നിയും ഉമ്മന്‍ ചാണ്ടിയില്ലാതെ പുതുപ്പളളിയും ഷാഫിയില്ലാതെ പാലക്കാടും നിലനിര്‍ത്തുക എന്നത് ദുഷ്‌ക്കരമാണ്. 22 പേരാണ് നിലവില്‍ സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത്.
ഉപതിരഞ്ഞെടുപ്പുകളില്‍ പരാജയമുണ്ടായാല്‍ ഈ എണ്ണം ഇനിയും കുറയും. 17 എംഎല്‍എമാരുമായി മുസ്ലീം ലീഗ് തൊട്ടു പുറകില്‍ ഉണ്ടെന്നതാണ് കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്ന പ്രധാനപ്പെട്ട വസ്തുത.
നിയമസഭയില്‍ അംഗബലം കുറഞ്ഞാല്‍ മുന്നണിയിലെ കോണ്‍ഗ്രസ് മേധാവിത്വം ചോദ്യം ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ലീഗ് വിലപേശല്‍ നടത്താല്‍ മുന്‍പും മിടുക്ക് കാണിച്ചിട്ടുണ്ട്. ശ്രദ്ധയോടെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തില്ലെങ്കില്‍ അത് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.