ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ഇന്നത്തെ മടക്കയാത്ര മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റദ്ദാക്കി. രാവിലെ കൊച്ചിയിലേക്ക് മടങ്ങാന്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി തിരിച്ച് കേരള ഹൗസിലേക്ക് മടങ്ങുകയായിരുന്നു. സ്ഥാനാര്‍ഥി പട്ടിക തയാറാക്കാനുള്ള നാളത്തെ സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. പട്ടികക്ക് അന്തിമരൂപം നല്‍കിയശേഷമേ മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങൂ.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കം മുറുകുന്നതിനിടെയാണ് മടക്കയാത്ര മുഖ്യമന്ത്രി റദ്ദാക്കിയത്. അഴിമതി ആരോപണം നേരിടുന്ന കെ. ബാബു, അടൂര്‍ പ്രകാശ്, ഇരിക്കൂറില്‍ നിരവധി തവണയായി മത്സരിക്കുന്ന കെ.സി. ജോസഫ്, വിവാദത്തിലുള്‍പ്പെട്ട ബെന്നി ബഹനാന്‍, എ.ടി. ജോര്‍ജ് എന്നിവര്‍ മാറി നില്‍ക്കണമെന്ന് കഴിഞ്ഞദിവസം നടന്ന സ്‌ക്രീനിങ് കമ്മറ്റി യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.
അഴിമതി ആരോപണം നേരിടുന്നവരും പലവട്ടം മത്സരിച്ചവരും മാറിനിന്ന് യു.ഡി.എഫിന് തെരഞ്ഞെടുപ്പു രംഗത്ത് മെച്ചപ്പെട്ട ഇമേജ് നല്‍കണമെന്ന നിലപാടിലാണ് മസുധീരന്‍.
എന്നാല്‍ തന്റെ വിശ്വസ്തരെ വെട്ടിക്കളയാന്‍ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതി ആരോപണത്തിന്റെ പേരിലാണെങ്കില്‍ തനിക്കും മത്സരിക്കാന്‍ കഴിയില്ല. ജയസാധ്യത പ്രധാനമായി കാണേണ്ട തെരഞ്ഞെടുപ്പില്‍ പലവട്ടം മത്സരിച്ചതിന്റെ പേരില്‍ ഒരുകൂട്ടം മുതിര്‍ന്ന നേതാക്കളെ തള്ളിക്കളയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പില്‍ പലവട്ടം ജയിക്കുന്നത് ഒരു കുറ്റമല്ല. സിറ്റിങ് എം.എല്‍.എമാരെ മാറ്റാന്‍ പറ്റില്ലെന്നും ഉമ്മന്‍ ചാണ്ടി വാദിച്ചിരുന്നു.