ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ദൈവത്തെ സാക്ഷിയാക്കി ഒരു പ്രതിജ്ഞ എടുത്തു. 2019ല്‍ സംഭവിച്ചതുപോലുള്ള കൂറുമാറ്റങ്ങള്‍ ഇത്തവണ ഉണ്ടാകില്ലെന്നാണ് പ്രതിജ്ഞ. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന എതിരാളികളുടെ പ്രചാരണത്തിനുള്ള മറുപടിയായാണ് സ്ഥാനാര്‍ഥികള്‍ ആരാധനാലയങ്ങളില്‍ പോയി പ്രതിജ്ഞ ചെയ്തത്.
കോണ്‍ഗ്രസിന്റെ 36 സ്ഥാനാര്‍ഥികളാണ് ക്ഷേത്രത്തിലും ക്രിസ്ത്യന്‍ പള്ളിയിലും മുസ്!ലിം പള്ളിയിലുമായി തങ്ങളുടെ പാര്‍ട്ടിയോട് കൂറു പുലര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്തത്. പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെയും കൊങ്കണിയിലെ ബാംബോലിം ക്രോസിലെയും ബെറ്റിമിലെ ഹംസ ഷാ ദര്‍ഗയിലെയും പ്രതിജ്ഞയ്ക്ക് ശേഷമുള്ള ചിത്രങ്ങള്‍ ഗോവ കോണ്‍ഗ്രസ് എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് അടുത്ത അഞ്ച് വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തുടരുമെന്ന് സ്ഥാനാര്‍ഥികള്‍ ആവര്‍ത്തിച്ചു.
ഗോവക്കാര്‍ സാമുദായിക സൗഹാര്‍ദത്തിന് പേരുകേട്ടവരാണ്. അഞ്ച് വര്‍ഷം ഒരുമിച്ച് നില്‍ക്കുമെന്ന് മഹാലക്ഷ്മിയുടെ മുന്നില്‍ ഞങ്ങള്‍ പ്രതിജ്ഞയെടുത്തു. 36 പേരും വന്നു. കത്തോലിക്കാ സമൂഹത്തെ സംബന്ധിച്ചിടത്തോളം പേരുകേട്ട ആരാധനാലയമായ ബാംബോലിം ക്രോസിലും പ്രതിജ്ഞ ചെയ്തു. ഞങ്ങള്‍ ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നത്. ഞങ്ങളുടെ എം.എല്‍.എമാരെ വിലയ്‌ക്കെടുക്കാന്‍ ഒരു പാര്‍ട്ടിയെയും അനുവദിക്കില്ല. ഞങ്ങള്‍ ദൈവത്തെ ഭയപ്പെടുന്ന ആളുകളാണ്. സര്‍വ്വശക്തനില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. അതിനാല്‍ ഞങ്ങള്‍ കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്തു’ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് വ്യക്തമാക്കി.