ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും അവരവുടെ നിലപാടുകളില്‍ ഉറച്ച് നിന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാവാതെ പാര്‍ട്ടി നേതൃത്വം കുഴങ്ങുന്നു. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും തര്‍ക്കത്തിന് പരിഹാരം കാണാനായില്ല. ഇതോടെ തര്‍ക്ക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി. സോണിയയുടെ അദ്ധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് സമിതി ഡല്‍ഹിയില്‍ ചേരുകയാണ്.
ഇരിക്കൂറില്‍ കെ.സി. ജോസഫിനെയും തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനെയും തൃക്കാക്കരയില്‍ ബെന്നി ബഹനാനെയും കോന്നിയില്‍ അടൂര്‍ പ്രകാശിനെയും മാറ്റണമെന്ന സുധീരന്റെ നിര്‍ദ്ദേശം അംഗീകരിച്ചു കൊടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകാതിരുന്നതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ രണ്ടു ദിവസമായി ഹൈക്കമാന്‍ഡ് നേതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് തീരുമാനം സോണിയാഗാന്ധിക്ക് വിട്ടത്.
ഇന്നു രാവിലെ ഉമ്മന്‍ചാണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുധീരന്റെ കടുംപിടുത്തം ഉപേക്ഷിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പിനെ നേരിടുക പ്രയാസമായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തുടര്‍ന്ന് സുധീരനുമായി ആന്റണി ചര്‍ച്ച നടത്തി. അടൂര്‍ പ്രകാശിനെ കോന്നിയില്‍ മത്സരിപ്പിക്കേണ്ടെന്ന നിലപാട് മാറ്റണമെന്ന് സുധീരനോട് ആന്റണി നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്. ആന്റണിയുടെ നിര്‍ദ്ദേസത്തിന് സുധീരന്‍ വഴങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയം ഏതാണ്ട് പൂര്‍ത്തിയായെന്ന് സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് സമിതി കൈക്കൊള്ളുമെന്നും ഇരുവരും പറഞ്ഞു.