‘ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസിനാവില്ല’; ലീഗിനെ വീണ്ടും ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ഇ.പി ജയരാജൻ

മുസ്‌ലിം ലീഗിനെ വീണ്ടും ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനോ രാജ്യത്തെ രക്ഷിക്കാനോ ഇനി കോൺഗ്രസിനാകില്ല. മുസ്‌ലിം ലീഗ് മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നുവെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. കാളികാവിൽ സഖാവ് കുഞ്ഞാലിയുടെ 53ാം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

മുസ്‌ലിം ലീഗിന്റെ പൂർവകാല നേതാക്കളുടെ മാർഗമായ മതനിരപേക്ഷ വഴിയിലേക്ക് ലീഗ് തിരിച്ചു വന്നാൽ ലീഗിന് നിലനിൽക്കാൻ കഴിയും. മാറിച്ചിന്തിക്കാൻ വൈകിയാൽ ലീഗിന്റെ പതനം വേഗത്തിലാകും. കോൺഗ്രസും ബിജെപിയും ചില മാധ്യമങ്ങളും ഇ.ഡിയെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അതാണ് കേരളത്തിൽ നടക്കുന്ന കോലാഹലങ്ങളെന്നും എൽ.ഡി.എഫ് കൺവീനർ കൂട്ടിച്ചേർത്തു. ഇ.ഡിക്കെതിരെ കേരളത്തിലെ കോൺഗ്രസ് നടത്തിയ സമരങ്ങളിലെ മുദ്രാവാക്യവും പിണറായിക്കും സംസ്ഥാന സർക്കാറിനുമെതിരെയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനക്ഷേമവും വികസനവും ഒരുമിച്ചുകൊണ്ടുപോകുന്ന കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ ദുർബലമാക്കാൻ ബി.ജെ.പി, ആർ.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ എന്നിവയെ യു.ഡി.എഫ് കൂട്ടുപിടിക്കുകയാണെന്ന് ജയരാജൻ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ ലീഗ് വട്ടപ്പൂജ്യമായി. അതുകൊണ്ടു നിങ്ങളുടെ ഭാവി സംരക്ഷിക്കണമെന്നുണ്ടെങ്കിൽ മൺമറഞ്ഞുപോയ നേതാക്കളുടെ മതനിരപേക്ഷ നിലപാടുകൾക്കൊപ്പം നിലകൊണ്ട് സി.പി.എമ്മിനൊപ്പം ചേർന്നാൽ മുസ്‌ലിം ലീഗിനു നല്ലതാണെന്നും ജയരാജൻ പറഞ്ഞു. അതല്ല, കമ്മ്യൂണിസ്റ്റ് വിരോധം വെച്ചു പ്രവർത്തിക്കാനാണ് ഉദ്ദേശമെങ്കിൽ നിങ്ങൾക്കൊന്നും നേടാനാവില്ലെന്നും ജയരാജൻ ഓർമിപ്പിച്ചു.

രാഹുൽഗാന്ധിയേയും സോണിയാഗാന്ധിയേയും ഇ.ഡി വേട്ടയാടുമ്പോൾ കേരളത്തിലെ കോൺഗ്രസ് പ്രതിരോധം ദുർബലമായിരുന്നു. കോൺഗ്രസിന്റെ പിടിപ്പുകേടും വർഗീയതയും മുതലെടുത്താണ് ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്. കോൺഗ്രസ് തുടങ്ങിവച്ച അതേ നയംബിജെപിയും നടപ്പാക്കുന്നു.

Top