ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ വിജയം കൈവരിച്ച കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമാണ് ആദ്യം അധികാരമേല്‍ക്കുന്നത്. രാവിലെ 10 മണിക്കാണ് ഇവരുടെ സത്യപ്രതിജ്ഞ. ജയ്പൂരിലെ അല്‍ബര്‍ട്ട് മ്യൂസിയം മൈതാനത്താണ് ചടങ്ങ്. മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമല്‍ നാഥ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാല്‍ പരേഡ് മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും.

വൈകീട്ട് നാലരയ്ക്കാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗല്‍ അധികാരമേല്‍ക്കുന്നത്. ചടങ്ങുകളില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

ആര്‍.ജെ.ഡി നേതേവ് തേജസ്വി യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി, സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആം ആദ്മി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാള്‍ തുടങ്ങിയവരെ കോണ്‍ഗ്രസ് ഭോപ്പാലിലേക്ക് ക്ഷണിച്ചിട്ടിട്ടുണ്ട്.

ഇടതുപാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളും പങ്കെടുക്കും. പ്രത്യേക വിമാനത്തിലാകും നേതാക്കളുടെ യാത്ര. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിന് ഊര്‍ജ്ജവും ആവേശവും പകരുന്നതാവും ഇന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍.

Top